കോട്ടയത്തും തിരുവനന്തപുരത്തും സംസ്‌കൃതത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് ബിജെപി കൗണ്‍സിലര്‍മാര്‍; ഗണഗീതം പാടി പ്രവര്‍ത്തകര്‍

Update: 2025-12-21 11:40 GMT

തിരുവനന്തപുരം: കോട്ടയത്തും തിരുവനന്തപുരത്തും സംസ്‌കൃതത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് ബിജെപി കൗണ്‍സിലര്‍മാര്‍. തിരുവനന്തപുരം കോര്‍പറേഷനിലെ കരമന വാര്‍ഡില്‍ നിന്ന് വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥി കരമന അജിതാണ് സംസ്‌കൃതത്തില്‍ സത്യപ്രതിജ്ഞ ചെയ്തത്. കോട്ടയം നഗരസഭാംഗം കെ.ശങ്കരനാണ് സംസ്‌കൃതത്തില്‍ സത്യപ്രതിജ്ഞ ചെയ്തത്. ഇരുവര്‍ക്കും വന്‍ സ്വീകാര്യതയാണ് പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്നും ലഭിച്ചത്.

ഇതിനോടൊപ്പം തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സത്യപ്രതിജ്ഞക്ക് ശേഷം ആര്‍എസ്എസ് ഗണഗീതം ബിജെപി പ്രവര്‍ത്തകര്‍ പാടിയിരുന്നു. സത്യപ്രതിജ്ഞ കാണാനെത്തിയ ഒരുസംഘം പ്രവര്‍ത്തകരാണ് കൗണ്‍സില്‍ ഹാളില്‍ കൈകൊട്ടിക്കൊണ്ട് ഗണഗീതം പാടിയത്. ഇവര്‍ ഹാളില്‍ വച്ച് ഭാരതാംബയ്ക്ക് ജയ് വിളിക്കുകയും ചെയ്തു. യുഡിഎഫ് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ക്കിടയില്‍ നിന്നുകൊണ്ടാണ് ബിജെപി പ്രവര്‍ത്തകര്‍ ഗണഗീതം പാടിയത്.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, ബിജെപി മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരന്‍ കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവദേക്കര്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്ത ചടങ്ങില്‍ ആയിരുന്നു ബിജെപി പ്രവര്‍ത്തകരുടെ ഗണഗീത ആലാപനം.

Similar News