തെരുവുനായ ആക്രമണം; സംസ്ഥാനത്ത് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ മരിച്ചത് 118 പേര്‍: കൂടുതല്‍ മരണം കൊല്ലത്ത്
തെരുവുനായ ആക്രമണം; കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ മരിച്ചത് 118 പേര്‍
കോതമംഗലം: കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ കടിയേറ്റു മരിച്ചത് 118 പേര്‍. കൂടുതല്‍ മരണം കൊല്ലം ജില്ലയിലാണ്: 21 പേര്‍. തിരുവനന്തപുരം (16), പാലക്കാട്(13), ആലപ്പുഴ(12), തൃശൂര്‍(11), എറണാകുളം, കോഴിക്കോട് (9 വീതം), പത്തനംതിട്ട, കണ്ണൂര്‍ (7 വീതം), മലപ്പുറം (4), ഇടുക്കി, വയനാട് (3 വീതം), കോട്ടയം(2), കാസര്‍കോട്(1) എന്നിങ്ങനെയാണു മറ്റു ജില്ലകളിലെ മരണസംഖ്യ.
ഒന്നേകാല്‍ വയസ്സുള്ള പിഞ്ചുകുഞ്ഞ് മുതല്‍ തൊണ്ണൂറുകാരി വരെ ഈ കാലഘട്ടത്തില്‍ തെരുവുനായയുടെ കടിയേറ്റു മരിച്ചു. 10 വയസ്സില്‍ താഴെ 12 പേര്‍, 10 മുതല്‍ 20 വരെയുള്ള 9 പേര്‍, 30 വരെ 6, 40 വരെ 17, 50 വരെ 24, 60 വരെ 27, 70 വരെ 15, 80 വരെ 4, 80നു മേല്‍ പ്രായമുള്ളവര്‍ 3 എന്നിങ്ങനെയാണു 2016 മുതല്‍ മരിച്ചത്. ഇടുക്കി ജില്ലയില്‍ മരിച്ച ഒരാളുടെ പ്രായം സര്‍ക്കാരിനും അറിയില്ല.
ഫാര്‍മേഴ്‌സ് അവയര്‍നെസ് റിവൈവല്‍ മൂവ്‌മെന്റ് (ഫാം) ജനറല്‍ സെക്രട്ടറി സിജുമോന്‍ ഫ്രാന്‍സിസിന് ലഭിച്ച വിവരാവകാശ മറുപടിയിലാണ് ഇക്കാര്യങ്ങളുള്ളത്.