റാന്നിക്കാര്‍ക്ക് ഇനി ആശ്വസിക്കാം; രണ്ട് മാസമായി നാടിനെ വിറപ്പിച്ച കടുവ കൂട്ടിലായി
റാന്നിക്കാര്‍ക്ക് ഇനി ആശ്വസിക്കാം; രണ്ട് മാസമായി നാടിനെ വിറപ്പിച്ച കടുവ കൂട്ടിലായി
റാന്നി: രണ്ട് മാസത്തോളം റാന്നിക്കാരെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ കടുവ കൂട്ടിലായി. റാന്നി വടശ്ശേരിക്കര കുമ്പളത്താമണ്ണില്‍ രണ്ട് മാസത്തോളമ വിലസിയ കടുവ ഇന്നലെ വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങുക ആയിരുന്നു. വനാതിര്‍ത്തിയില്‍ ഒരു മാസം മുന്‍പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ വീണത്.ഇന്ന് രാവിലെയാണ് കടുവയെ കൂടിനകത്ത് കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഒരു കണ്ണിന് കാഴ്ച കുറവുള്ള കടുവ അവശനിലയിലാണ്.
ഇന്നലെ മേയാന്‍ വിട്ടിരുന്ന ആടിനെ കടുവ പിടികൂടിയിരുന്നു. പിന്നീട് ആടിന്റെ ജഡം കൂടിന് സമീപത്തു നിന്ന് കണ്ടെത്തി. തുടര്‍ന്ന് ഈ ജഡം കൂട്ടില്‍ വച്ചതോടെ കടുവ ഇത് ഭക്ഷിക്കാനെത്തുകയും കൂട്ടില്‍ കുടുങ്ങുകയുമായിരുന്നു. കടുവ കാരണം കാടുപിടിച്ച പ്രദേശത്ത് പകല്‍പോലും ഇറങ്ങാന്‍ നാട്ടുകാര്‍ക്ക് പേടിയായിരുന്നു.
കഴിഞ്ഞ മാസം 9ന് കടുവയെ കുമ്പളത്താമണ്ണിലെ വീടിന് സമീപത്ത് കണ്ടിരുന്നു. പിന്നാലെ ഒരു വളര്‍ത്തു നായയെ കടുവ പിടികൂടുകയും ചെയ്തു. വളര്‍ത്തു നായയെ കൊന്ന് പകുതി ശരീരം തിന്നുതീര്‍ത്താണ് കടുവ അന്ന് മടങ്ങിയത്. ഒക്ടോബറില്‍ ജനവാസമേഖലയിലെ പാടത്ത് മേയാന്‍ വിട്ട പോത്തിനെയും കടുവ പിടിച്ചിരുന്നു. ക്യാമറ സ്ഥാപിച്ച് കടുവയെന്ന് ഉറപ്പിച്ച ശേഷമാണ് ഒക്ടോബര്‍ 28ന് വനം വകുപ്പ് കൂട് വച്ചത്.