എന്‍ വാസുവിന്റെ റിമാന്‍ഡ് കാലാവധി ജനുവരി 5 വരെ നീട്ടി; എതിര്‍പ്പുമായി പ്രതിഭാഗം അഭിഭാഷകര്‍
എന്‍ വാസുവിന്റെ റിമാന്‍ഡ് കാലാവധി ജനുവരി 5 വരെ നീട്ടി
കൊല്ലം : ശബരിമല സ്വര്‍ണപ്പാളി കേസില്‍ മൂന്നാം പ്രതിയായ തിരുവിതാംകൂര്‍ ദേവസ്വം മുന്‍ പ്രസിഡന്റും ദേവസ്വം കമ്മീഷണറുമായിരുന്ന എന്‍. വാസുവിന്റെ റിമാന്‍ഡ് കാലാവധി ജനുവരി അഞ്ചുവരെ നീട്ടി.
റിമാന്‍ഡ് നീട്ടുന്നതിനെ പ്രതിഭാഗം അഭിഭാഷകര്‍ എതിര്‍ത്തു. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ അവ്യക്തതയുണ്ടെന്നായിരുന്നു വാദം. അന്വേഷണ പുരോഗതി രേഖപ്പെടുത്തിയിട്ടില്ലെന്നും ചുണ്ടികാണിച്ചു. എന്നാല്‍ രഹസ്യസ്വഭാവത്തോടെയുള്ള അന്വേഷണമായതിനാല്‍ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്താനാവില്ലെന്നു പ്രോസിക്യൂഷനും വാദിച്ചു. പ്രോസിക്യൂഷനു വേണ്ടി പബ്‌ളിക് പ്രോസിക്യൂട്ടര്‍ സിജു രാജന്‍ ഹാജരായി.
ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ.പി. ശങ്കരദാസ് കൊല്ലം വിജിലന്‍സ് കോടതിയില്‍ തിങ്കളാഴ്ച മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കി. എ.പത്മകുമാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടായിരിക്കുമ്പോള്‍ ബോര്‍ഡ് അംഗമായിരുന്ന ശങ്കരദാസിനും അഡ്വ. വിജയകുമാറിനും എതിരെ അന്വേഷണം ഇല്ലാത്തതെന്തെന്ന് ഹൈക്കോടതി ആരാഞ്ഞിരുന്നു.