കോഴിക്കോട്ടെത്തി 13 വയസുകാരിയെ പീഡിപ്പിച്ചു; തമിഴ്‌നാട്ടിലെത്തി കുറുവാ സംഘത്തിനിടയില്‍ ഒളിവു ജീവിതം: പ്രതിയെ സാഹസികമായി പിടികൂടി കേരളാ പോലിസ്
13 വയസുകാരിയെ പീഡിപ്പിച്ചു;പ്രതിയെ സാഹസികമായി പിടികൂടി കേരളാ പോലിസ്
കോഴിക്കോട്: പതിമൂന്നു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ പോയ തമിഴ്‌നാട് സ്വദേശിയെ രണ്ടു മാസത്തിന് ശേഷം പിടികൂടി. തഞ്ചാവൂരില്‍ കുറുവാ സംഘം താമസിക്കുന്ന സ്ഥലത്ത് ഒളിവില്‍ കഴിഞ്ഞിരുന്ന ബാലാജിയെ ആണ് കൊയിലാണ്ടി പൊലീസ് അതിസാഹസികമായി കസ്റ്റഡിയിലെടുത്തത്. തഞ്ചാവൂര്‍ പട്ടിത്തോപ്പ് തിരുട്ട് ഗ്രാമത്തിനടുത്തുള്ള വീട്ടിലായിരുന്നു ബാലാജിയുടെ താസമസം.
കോഴിക്കോട്ടെത്തി 13കാരിയെ പീഡിപ്പിച്ച ശേഷം പിടക്കപ്പെടാതിരിക്കാന്‍ തമിഴ്‌നാട്ടിലേക്ക് കടന്നു കളയുക ആയിരുന്നു. തമിഴ്‌നാട്ടില്‍ കളവ്, വധശ്രമം ഉള്‍പ്പെടെ അഞ്ചോളം കേസിലെ പ്രതിയാണ് ബാലാജി. തിരുട്ട് ഗ്രാമത്തിനടുത്ത് കുറുവ സംഘം താമസിക്കുന്ന തഞ്ചാവൂര്‍ അയ്യാപേട്ടലിംഗ കടിമേടു കോളനിയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. വലിയ ചെറുത്തുനില്‍പ്പുണ്ടായെങ്കിലും അയ്യാംപേട്ട ലോക്കല്‍ പൊലീസിന്റെ കൂടി സഹായത്തോടെ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
നിരവധി കളവു കേസുകളില്‍ പ്രതിയായ കുറുവ സംഘത്തിലെ മുരുകേശന്റെ മകനാണ് ഇയാള്‍. കുറച്ച് കാലം മുന്‍പാണ് മുരുകേശന്‍ മരിച്ചത്. കോഴിക്കോട് ബന്ധുവിന്റെ വീട്ടില്‍ വന്ന് താമസിക്കുന്നതിനിടയില്‍ 13കാരിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിനു ശേഷം തമിഴ്‌നാട്ടിലേക്ക് കടന്ന പ്രതി കുറുവാ സംഘത്തിനിടയില്‍ ഒളിവു ജീവിതം തുടങ്ങി. ഇത് മനസ്സിലാക്കിയ പോലിസ് പ്രതിയെ ഇവിടെ എത്തി പിടികൂടുക ആയിരുന്നു..
കോാഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ.ഇ.ബൈജുവിന്റെ നിര്‍ദേശപ്രകാരം കൊയിലാണ്ടി ഇന്‍സ്‌പെക്ടര്‍ കെ.സുമിത്ത് കുമാര്‍, എഎസ്‌ഐ സി.എം.സുനില്‍കുമാര്‍, എസ്സിപിഒ വിവേക് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.