'ബിജെപിയില്‍ ലയിക്കാന്‍ കോണ്‍ഗ്രസിന് മനസ്സാക്ഷിക്കുത്തില്ല'; മറ്റത്തൂര്‍ ലയനത്തില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് എം. സ്വരാജ്

Update: 2025-12-28 06:59 GMT

തിരുവനന്തപുരം: കോണ്‍ഗ്രസിനും ബിജെപിക്കും ഇടയിലുള്ളത് അനായാസേന ലയിക്കാവുന്ന രാഷ്ട്രീയ ഘടനയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം. സ്വരാജ്. തൃശ്ശൂരിലെ മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ഒന്നടങ്കം ബിജെപിയില്‍ ലയിച്ചതും കുമരകത്തെ കോണ്‍ഗ്രസ്-ബിജെപി സഖ്യവും ചൂണ്ടിക്കാട്ടിയാണ് സ്വരാജിന്റെ ഫേസ്ബുക്ക് കുറിപ്പ്. ബിജെപി അധികാരത്തിലെത്താന്‍ അവര്‍ തന്നെ ജയിക്കണമെന്നില്ല, കോണ്‍ഗ്രസ് ജയിച്ചാലും മതിയെന്ന് തെളിയിക്കുന്നതാണ് ഈ സംഭവങ്ങളെന്ന് അദ്ദേഹം പരിഹസിച്ചു.

പണ്ട് ഹിന്ദുമഹാസഭയിലും കോണ്‍ഗ്രസിലും ഒരേസമയം അംഗത്വമെടുത്ത് പ്രവര്‍ത്തിക്കാമായിരുന്ന ചരിത്രം സ്വരാജ് ഓര്‍മ്മിപ്പിച്ചു. ആര്‍എസ്എസിലും കോണ്‍ഗ്രസിലും ഒരേസമയം പ്രവര്‍ത്തിക്കാന്‍ തടസ്സമില്ലെന്ന തീരുമാനം ഒരിക്കല്‍ കോണ്‍ഗ്രസ് എടുത്തിട്ടുണ്ട്. ആ അടിത്തറ ഇപ്പോഴും ശക്തമായതുകൊണ്ടാണ് അരുണാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഒന്നടങ്കം ബിജെപിയായി മാറിയത്. അതിന്റെ കേരള മോഡലാണ് മറ്റത്തൂരില്‍ കണ്ടത്. ഇടതുപക്ഷത്തെ തോല്‍പ്പിക്കാന്‍ എട്ട് കോണ്‍ഗ്രസ് അംഗങ്ങളാണ് അവിടെ ബിജെപിയില്‍ ചേര്‍ന്നത്.

കെപിസിസി മുന്‍ പ്രസിഡന്റ് ആര്‍എസ്എസ് ശാഖയ്ക്ക് കാവല്‍ നിന്നതും, പ്രതിപക്ഷ നേതാവ് ഗോള്‍വാള്‍ക്കര്‍ ജന്മശതാബ്ദിയില്‍ പങ്കെടുത്തതും സ്വരാജ് കുറിപ്പില്‍ പരാമര്‍ശിച്ചു. ആര്‍എസ്എസിനെ കണ്ട് പഠിക്കണമെന്ന ദിഗ്വിജയ് സിംഗിന്റെ പ്രസ്താവന കൂടി വന്നതോടെ കോണ്‍ഗ്രസിന്റെ ബിജെപി വിധേയത്വം പൂര്‍ണ്ണമായെന്നും, ഇത്തരം ലയനങ്ങള്‍ നടന്നില്ലെങ്കിലേ അത്ഭുതമുള്ളൂ എന്നും സ്വരാജ് കൂട്ടിച്ചേര്‍ത്തു.

Similar News