കൊല്ലം ചന്ദനത്തോപ്പ് ഐടിഐയില്‍ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് സംഘര്‍ഷം; എബിവിപി കൊല്ലം ജില്ലാ സെക്രട്ടറിക്ക് അടക്കം രണ്ടു പേര്‍ക്ക് പരുക്ക്

കൊല്ലം ചന്ദനത്തോപ്പ് ഐടിഐയില്‍ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് സംഘര്‍ഷം

Update: 2026-01-23 13:11 GMT

കൊല്ലം: ചന്ദനത്തോപ്പ് ഗവ.ഐടിഐ യൂണിയന്‍ തെരഞ്ഞെടുപ്പിന് പിന്നാലെ എസ്എഫ്ഐ-എബിവിപി സംഘര്‍ഷം. എബിവിപി ജില്ലാ സെക്രട്ടറി അടക്കം നിരവധി വിദ്യാര്‍ഥികള്‍ക്ക് മര്‍ദനമേറ്റു. വ്യാഴാഴ്ച വൈകിട്ട് മൂന്നരയോടെയാണ് സംഭവം. എ.ബി.വി.പി ജില്ലാ സെക്രട്ടറി എസ്. ആശിഷിനാണ് മര്‍ദനമേറ്റത്. കുണ്ടറ താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടി.

ഫലപ്രഖ്യാപനം കഴിഞ്ഞ് പുറത്തു നില്‍ക്കുമ്പോഴാണ് സംഭവം. തെരഞ്ഞെടുപ്പ് നടന്ന ആറു സീറ്റിലും എസ്എഫ്ഐ ആണ് വിജയിച്ചത്. വിജയാഹ്ളാദ പ്രകടനത്തിനിടെ കാമ്പസിന് അകത്തുള്ള എബിവിപിയുടെ ബാനറുകളും തോരണവുമൊക്കെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ നശിപ്പിച്ചുവെന്ന് പറയുന്നു. പോലീസിന്റെ മുന്നില്‍ വച്ചാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതെന്ന് എബിവിപി നേതാക്കള്‍ പറഞ്ഞു. ഒരു കാരണവുമില്ലാതെയാണ് ആക്രമണം നടത്തിയത്.

നിരവധി വിദ്യാര്‍ഥികള്‍ക്ക് മര്‍ദനമേറ്റുവെന്ന് പറയുന്നു. എബിവിപിയുടെ ബാനറും പോസ്റ്ററും നശിപ്പിച്ചത് ചോദ്യം ചെയ്തതാണ് മര്‍ദനത്തിന് കാരണമായത്. ഇടിവള കൊണ്ടും കമ്പു കൊണ്ടുമാണ് മര്‍ദിച്ചതെന്ന് ചികില്‍സയിലുള്ള പ്രവര്‍ത്തകര്‍ പറഞ്ഞു. പോലീസിന്റെ പിന്തുണയോടെയാണ് അക്രമം നടന്നതെന്നും അവര്‍ ആരോപിച്ചു.

Tags:    

Similar News