ഒന്‍പതാം ക്ലാസിലെ പരീക്ഷയ്ക്ക് നല്‍കിയത് എട്ടാം ക്ലാസിലെ ചോദ്യക്കടലാസ്

Update: 2026-03-07 12:10 GMT

കണ്ണൂര്‍: ഒന്‍പതാം ക്ലാസിലെ പരീക്ഷയ്ക്ക് നല്‍കിയത് എട്ടാം ക്ലാസിലെ ചോദ്യപേപ്പര്‍. തലശ്ശേരി നോര്‍ത്ത് ബിആര്‍സിക്ക് കീഴിലെ ചില സ്‌കൂളുകളിലാണ് ചോദ്യക്കടലാസ് മാറി നല്‍കിയത്. ഇന്ന് നടക്കുന്ന ഒന്‍പതാം ക്ലാസ് മലയാളം സെക്കന്‍ഡ് പരീക്ഷയുടെ ചോദ്യക്കടലാസിന് പകരം പത്തിന് നടക്കേണ്ട എട്ടാം ക്ലാസ് മലയാളം സെക്കന്‍ഡ് പരീക്ഷയുടെ ചോദ്യക്കടലാസാണ് വിതരണത്തിനെത്തിച്ചത്.

കവര്‍ പൊട്ടിച്ച് കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നതിനിടെയാണ് ചോദ്യക്കടലാസ് മാറിയതായി മനസ്സിലാക്കിയത്. അധ്യാപകര്‍ ഉടന്‍ തന്നെ ബിആര്‍സിയുമായി ബന്ധപ്പെട്ട് ഒന്‍പതാം ക്ലാസിലെ ചോദ്യക്കടലാസ് എത്തിച്ചു വിതരണം ചെയ്യുകയായിരുന്നു. ഉച്ച തിരിഞ്ഞ് ഒന്നരയ്ക്ക് തുടങ്ങേണ്ടിയിരുന്ന പരീക്ഷ രണ്ടരയ്ക്ക് ശേഷമാണ് പല സ്‌കൂളുകളിലും ആരംഭിച്ചത്. ചോദ്യക്കടലാസ് മാറിയത് മനസ്സിലാക്കിയതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്തില്ലെന്നാണ് അധ്യാപകര്‍ പ്രതികരിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ പറഞ്ഞു.

Similar News