പഴയ വെള്ള മാരുതിയിൽ പാഞ്ഞെത്തി കടയുടെ മുന്നിൽ പാർക്ക് ചെയ്തു; ഉടമ ഇറങ്ങി കുറച്ച് കഴിഞ്ഞതും നെഞ്ചിടിപ്പിക്കുന്ന കാഴ്ച; ഇരച്ചെത്തിയ ലോറിയിൽ ഇടിക്കാതെ പോയത് ജസ്റ്റ് മിസ്സിന്
കോട്ടയം: കൈബ്രേക്ക് ഇടാതെ പാർക്ക് ചെയ്ത കാർ പിന്നോട്ടുരുണ്ട് ഇരുമ്പ് വേലിയിലിടിച്ച് നിന്നു. വെള്ളിയാഴ്ച രാവിലെ ഏഴരയോടെ ഈരാറ്റുപേട്ട -തൊടുപുഴ റൂട്ടിൽ ആലുംതറയിലാണ് സംഭവം. തിരക്കേറിയ റോഡിൽ മറ്റു വാഹനങ്ങളിലിടിക്കാതെ വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്ക്കാണ്.
കടയിലെത്തിയ കാർ ഉടമ വാഹനം നിർത്തി പുറത്തിറങ്ങിയതിന് പിന്നാലെയാണ് കാർ പിന്നോട്ടുരുളാൻ തുടങ്ങിയത്. ഡ്രൈവർ ഇല്ലാത്ത വാഹനം നിയന്ത്രണമില്ലാതെ റോഡിലൂടെ പിന്നോട്ട് നീങ്ങുകയായിരുന്നു. ഈരാറ്റുപേട്ട -തൊടുപുഴ റൂട്ടിൽ ഇടതടവില്ലാതെ വാഹനങ്ങൾ പോകുന്ന തിരക്കേറിയ റോഡിൽ മറ്റ് വാഹനങ്ങളിലിടിക്കാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി. ഒടുവിൽ സമീപത്തെ ഇരുമ്പ് വേലിയിൽ തട്ടിനിന്നതിനാൽ കൂടുതൽ അപകടങ്ങൾ ഉണ്ടായില്ല.
ഒരു ഡ്രൈവറുടെ നിസാരമായ അശ്രദ്ധ വലിയൊരു അപകടത്തിലേക്ക് വഴിവെക്കാമായിരുന്ന ഈ സംഭവം, റോഡ് സുരക്ഷയിൽ ഓരോരുത്തരും പാലിക്കേണ്ട ജാഗ്രതയുടെ പ്രാധാന്യം ഓർമ്മിപ്പിക്കുന്നു.