കേരള ഹൈക്കോടതിക്ക് പുതിയ ചീഫ് ജസ്റ്റിസ്; ജസ്റ്റിസ് സൗമെന്‍ സെന്‍ ജനുവരി 9-ന് ചുമതലയേല്‍ക്കും; ചുമതലയേല്‍ക്കുന്നത് നിതിന്‍ ജാംദാറിന് പകരം; കൊളീജിയം ശുപാര്‍ശ അംഗീകരിച്ച് കേ്ര്രന്ദസര്‍ക്കാര്‍

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൗമെന്‍ സെന്‍

Update: 2026-01-01 18:35 GMT

ന്യൂഡല്‍ഹി: കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൗമെന്‍ സെന്നിനെ നിയമിച്ചു. സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ അംഗീകരിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. നിലവില്‍ മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസായ അദ്ദേഹം ജനുവരി ഒമ്പതിന് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കും.

ഡിസംബര്‍ 18നാണ് ജസ്റ്റിസ് സൗമെന്‍ സെന്നിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കാനായി സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ നല്‍കിയത്. കേരള ഹൈക്കോടതിയുടെ നിലവിലെ ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍ ജനുവരി ഒമ്പതിന് വിരമിക്കുന്ന ഒഴിവിലേക്കാണ് ജസ്റ്റിസ് സെന്നിന്റെ നിയമനം.

2011-ല്‍ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ ജഡ്ജിയായി ചുമതലയേറ്റ ജസ്റ്റിസ് സെന്‍, അതിനുമുമ്പ് രണ്ട് പതിറ്റാണ്ടുകാലം കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകനായിരുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി.ഐ), സെബി, സിഡ്ബി തുടങ്ങിയ പ്രധാനപ്പെട്ട സാമ്പത്തിക സ്ഥാപനങ്ങളുടെ അഭിഭാഷകനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ബിജെപിയില്‍ ചേര്‍ന്ന കല്‍ക്കട്ട ഹൈക്കോടതി ജഡ്ജി അഭിജിത് ഗംഗോപാധ്യായ പുറപ്പെടുവിച്ച വിവാദ വിധി സ്റ്റേ ചെയ്തതിലൂടെയാണ് ജസ്റ്റിസ് സൗമെന്‍ സെന്‍ നേതൃത്വം നല്‍കിയ ഡിവിഷന്‍ ബെഞ്ച് ദേശീയ ശ്രദ്ധ ആകര്‍ഷിച്ചത്. ജസ്റ്റിസ് സെന്നിന്റെ ഡിവിഷന്‍ ബെഞ്ചും ജസ്റ്റിസ് അഭിജിതും തമ്മിലുള്ള ഈ തര്‍ക്കത്തില്‍ സുപ്രീം കോടതി ഭരണഘടന ബെഞ്ചിനുവരെ ഇടപെടേണ്ടി വന്നിരുന്നു.

സുപ്രീം കോടതിയിലേക്ക് ഉയര്‍ത്തപ്പെട്ടില്ലെങ്കില്‍ ജസ്റ്റിസ് സൗമെന്‍ സെന്‍ 2027 ജൂലൈ 26-ന് വിരമിക്കും.

Tags:    

Similar News