സംസ്ഥാന സര്‍ക്കാരിന് തൃശൂരിനോട് രാഷ്ട്രീയ വൈരാഗ്യം; ഭൂമി വിട്ടുനല്‍കുന്നില്ലെന്ന് സുരേഷ് ഗോപി

Update: 2026-01-03 06:49 GMT

കൊല്ലം: തൃശൂരില്‍ കേന്ദ്ര ഫോറന്‍സിക് ലാബ് സ്ഥാപിക്കുന്നതിനായി ഭൂമി വിട്ടുനല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ വിമുഖത കാട്ടുകയാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂരില്‍ ആവശ്യമായ 25 ഏക്കര്‍ ഭൂമി നല്‍കാന്‍ തയ്യാറാകാത്തതിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്നും സര്‍ക്കാരിന് തൃശൂരിനോട് എന്തിനാണ് ഇത്ര വൈരാഗ്യമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.

തൃശൂരില്‍ ഭൂമി ലഭ്യമല്ലെന്ന് സര്‍ക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് പദ്ധതി തിരുവനന്തപുരത്തേക്ക് മാറ്റേണ്ടി വന്നത്. വലിയ വികസന പദ്ധതികള്‍ വരുമ്പോള്‍ ഭൂമി ഏറ്റെടുത്തു നല്‍കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ഈ അവഗണന തൃശൂരിലെ ജനങ്ങളോട് സര്‍ക്കാര്‍ വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തില്‍ 'ഡബിള്‍ എന്‍ജിന്‍' സര്‍ക്കാരിന്റെ ഗുണം ലഭിക്കണമെങ്കില്‍ ബിജെപി ഭരണം വരികയോ അല്ലെങ്കില്‍ അതിന് സമാനമായ രാഷ്ട്രീയ മാറ്റം ഉണ്ടാവുകയോ വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തമിഴ്‌നാടിന്റെ വികസന മാതൃകയെ പ്രശംസിച്ച സുരേഷ് ഗോപി, കേന്ദ്രത്തില്‍ ഏത് സര്‍ക്കാര്‍ ഭരിച്ചാലും സംസ്ഥാനത്തിന് അര്‍ഹമായത് നേടിയെടുക്കാന്‍ അവര്‍ക്ക് സാധിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി. കേരളത്തിലും അത്തരമൊരു മനോഭാവം വരണമെന്നും തിരുവനന്തപുരത്തെ ജനങ്ങള്‍ ബിജെപിയെ പിന്തുണച്ച മനോഭാവം സംസ്ഥാനമൊട്ടാകെ പടരണമെന്നും അദ്ദേഹം പറഞ്ഞു.

Similar News