കരിപ്പൂർ ആകാശത്ത് വട്ടമിട്ട് പറന്ന സൗദി എയർലൈൻസിനെ കണ്ട് വീണ്ടും ആഹ്ളാദത്തിലായ പ്രവാസ ലോകം; പ്രതീക്ഷയുടെ ചിറകുകൾ വിരിച്ച് ചക്രങ്ങൾ താഴ്ത്തി ലാൻഡിംഗ്; ഇത് ചരിത്ര നിമിഷം
കരിപ്പൂർ: പത്ത് വർഷത്തെ നീണ്ട ഇടവേളക്ക് ശേഷം സൗദി എയർലൈൻസ് വിമാനം കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പറന്നിറങ്ങി. ഇതോടെ, കരിപ്പൂരിലേക്കുള്ള സൗദി എയർലൈൻസിന്റെ സർവീസുകൾ ഔദ്യോഗികമായി പുനരാരംഭിച്ചു. വിമാനത്തിന് വിമാനത്താവളത്തിൽ വൻ വരവേൽപ്പാണ് ലഭിച്ചത്.
ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിലായിരിക്കും സൗദി എയർലൈൻസ് കരിപ്പൂരിലേക്ക് സർവീസുകൾ നടത്തുക. 20 ബിസിനസ് ക്ലാസ് സീറ്റുകളും 145 ഇക്കണോമി ക്ലാസ് സീറ്റുകളുമടക്കം ആകെ 165 പേർക്ക് യാത്ര ചെയ്യാവുന്ന ഒരു ചെറിയ വിമാനമാണ് നിലവിൽ ഈ റൂട്ടിൽ സർവീസ് നടത്തുന്നത്.
2015 മെയ് മാസത്തിലാണ് കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് (വൈഡ് ബോഡി വിമാനങ്ങൾ) നിയന്ത്രണം ഏർപ്പെടുത്തിയത്. പിന്നീട് മൂന്നര വർഷത്തിന് ശേഷം ഭാഗികമായി സർവീസുകൾ പുനരാരംഭിച്ചിരുന്നു. എന്നാൽ, 2020 ഓഗസ്റ്റിലുണ്ടായ വിമാനാപകടത്തെ തുടർന്ന് വലിയ വിമാനങ്ങൾക്കുള്ള നിയന്ത്രണം വീണ്ടും കർശനമാക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സൗദി എയർലൈൻസിന്റെ പത്ത് വർഷത്തെ ഇടവേളക്ക് ശേഷമുള്ള മടങ്ങിവരവ് ഏറെ ശ്രദ്ധേയമാകുന്നത്.