ശബരിമലയില്‍ വീണ്ടും ക്രമക്കേട്: 16 ലക്ഷം രൂപയുടെ നെയ്യ് പാക്കറ്റുകള്‍ കാണാനില്ല; ദേവസ്വം വിജിലന്‍സ് അന്വേഷണം തുടങ്ങി

Update: 2026-01-06 06:23 GMT

ശബരിമല: സന്നിധാനത്ത് ഭക്തര്‍ക്ക് വിതരണം ചെയ്യാനായി എത്തിച്ച 16,000 പാക്കറ്റ് ആടിയ ശിഷ്ടം നെയ്യ് കാണാതായതായി റിപ്പോര്‍ട്ട്. ഏകദേശം 16 ലക്ഷം രൂപയുടെ നഷ്ടമാണ് ഇതിലൂടെ ദേവസ്വം ബോര്‍ഡിന് ഉണ്ടായിരിക്കുന്നത്. നെയ്യഭിഷേകം നടത്താന്‍ കഴിയാത്ത തീര്‍ത്ഥാടകര്‍ക്കായി വില്‍പനയ്ക്ക് വെച്ചിരുന്ന നെയ്യ് പാക്കറ്റുകളിലാണ് ഈ വന്‍ ക്രമക്കേട് നടന്നത്.

100 മില്ലിലീറ്റര്‍ നെയ്യ് അടങ്ങിയ ഒരു പാക്കറ്റിന് 100 രൂപയാണ് വില. വില്‍പനയ്ക്കായി കൗണ്ടറുകളില്‍ ഏല്‍പ്പിച്ച 16,000 പാക്കറ്റുകളുടെ കണക്കോ തുകയോ ദേവസ്വം അക്കൗണ്ടില്‍ എത്തിയിട്ടില്ല. പാക്കറ്റുകള്‍ നിറയ്ക്കുന്നത് മുതല്‍ വിതരണം വരെയുള്ള ഘട്ടങ്ങളില്‍ കൃത്യമായ രജിസ്റ്ററുകളോ കണക്കുകളോ സൂക്ഷിക്കാത്തതാണ് തട്ടിപ്പിന് കളമൊരുക്കിയത്. മുന്‍വര്‍ഷങ്ങളിലും സമാനമായ രീതിയില്‍ നെയ്യ് കാണാതായിട്ടുണ്ടെന്നും എന്നാല്‍ ഉദ്യോഗസ്ഥര്‍ ഇടപെട്ട് ഇത് ഒതുക്കിത്തീര്‍ക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്.

അന്വേഷണം പ്രഖ്യാപിച്ചു സംഭവം വിവാദമായതോടെ ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഒ.ജി. ബിജു അന്വേഷണത്തിന് ഉത്തരവിട്ടു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ആരെയും സംരക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സന്നിധാനത്തെ സ്‌പെഷ്യല്‍ കൗണ്ടറുകളില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ വിജിലന്‍സ് ചോദ്യം ചെയ്യും. സ്വര്‍ണക്കൊള്ള വിവാദത്തിന് പിന്നാലെ നെയ്യിന്റെ കാര്യത്തിലും ക്രമക്കേട് പുറത്തുവന്നത് ദേവസ്വം ബോര്‍ഡിനെ വലിയ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

Similar News