ഹൈബ്രിഡ് കഞ്ചാവ് കേസ്: ഒളിവിലായിരുന്ന മൂന്നാം പ്രതി ബെംഗളൂരുവില്‍ പിടിയില്‍

ഹൈബ്രിഡ് കഞ്ചാവ് കേസ്: ഒളിവിലായിരുന്ന മൂന്നാം പ്രതി ബെംഗളൂരുവില്‍ പിടിയില്‍

Update: 2026-02-26 13:45 GMT

റാന്നി: വില്‍പനയ്ക്കായി ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചുനല്‍കിയ കേസിലെ അവസാന പ്രതിയെയും റാന്നി പോലീസ് പിടികൂടി. പത്തനംതിട്ട പ്രമാടം മല്ലശ്ശേരി സ്വദേശി പൊരിയോടി മണ്ണില്‍ അഭിലാഷിനെ (26) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ബംഗളൂരുവിലെ ബിദ്രഹള്ളി എന്ന സ്ഥലത്ത് ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ പോലീസ് സംഘം പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

2026 ജനുവരി 25-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാറില്‍ കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് പെരുമ്പുഴയില്‍ വെച്ച് നടത്തിയ പരിശോധനയിലാണ് ആദ്യ രണ്ട് പ്രതികള്‍ പിടിയിലാകുന്നത്. പത്തനംതിട്ട സ്വദേശികളായ മുഹമ്മദ് ആഷിഫ് ഷാജി (19), സഞ്ജു മനോജ് (24) എന്നിവരെ അന്ന് പോലീസ് പിടികൂടിയിരുന്നു. ഇവരില്‍ നിന്ന് 125 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് ഉള്‍പ്പെടെ ആകെ 2.075 കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്.

കേസിന്റെ നാലാം പ്രതിയായ പത്തനംതിട്ട സ്വദേശി ദേവീകൃഷ്ണയെ (26) നേരത്തെ കോട്ടയത്തുനിന്നും പോലീസ് പിടികൂടിയിരുന്നു. റാന്നി പോലീസ് ഇന്‍സ്പെക്ടര്‍ മനോജ് കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ സിബി.എസ്, എ.എസ്.ഐ ബിജു മാത്യു, സി.പി.ഒ ശ്രീരാജ് എന്നിവരടങ്ങിയ സംഘമാണ് ബാംഗ്ലൂരില്‍ പോയി പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇതോടെ കേസില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികളും പിടിയിലായി.

Tags:    

Similar News