മദ്യപിക്കുന്നതിനിടെ തർക്കം, പിന്നാലെ ബിയർ കുപ്പി കൊണ്ടുള്ള ആക്രമണം; 3 പേര്‍ക്ക് പരിക്ക്; യുവാവിന്റെ പുറത്ത് 37 തുന്നലുകൾ; സ്ഥിരം കുറ്റവാളികളായ പ്രതികൾക്കായി തിരച്ചിൽ ഊജ്ജിതമാക്കി പോലീസ്
തൃശൂർ: കുന്നംകുളം പെരുമ്പിലാവിലെ കെആര്‍ ബാറില്‍ സംഘര്‍ഷം. ബിയര്‍ കുപ്പി കൊണ്ടുള്ള ആക്രമണത്തില്‍ മൂന്ന് യുവാക്കള്‍ക്ക് പരുക്കേറ്റു. ചാലിശേരി സ്വദേശികളായ വൈഷ്ണവ് (25), വിഷ്ണു (30), എടപ്പാൾ സ്വദേശി വിജിൽ (29) എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞ രാത്രി 10.30-ഓടെ പെരുമ്പിലാവിലെ കെ.ആർ ബാറിലായിരുന്നു സംഭവം. പരിക്കേറ്റ വിഷ്ണുവിന്റെ പുറത്ത് ആഴത്തിലുള്ള മുറിവേറ്റതിനെത്തുടർന്ന് 37 തുന്നലുകളുണ്ട്. വിജിലിന്റെ മുഖത്തും പരിക്കേറ്റു.
കൊലപാതക ശ്രമം ഉൾപ്പെടെയുള്ള നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ ലിഷോയ് (അപ്പു), നിഖിൽ (ചാപ്പു), ബാദുഷ (മോനായി), ഇവരുടെ സുഹൃത്തായ അർഷാദ് എന്നിവരാണ് യുവാക്കളെ ആക്രമിച്ചതെന്ന് കുന്നംകുളം പോലീസ് വ്യക്തമാക്കി. കുന്നംകുളം, ചങ്ങരംകുളം പോലീസ് സ്റ്റേഷനുകളിലെ സാമൂഹ്യവിരുദ്ധരുടെ പട്ടികയിൽ ഉൾപ്പെട്ടവരാണ് പ്രതികൾ.
കഴിഞ്ഞ വർഷം മാർച്ചിൽ കുന്നംകുളം സ്വദേശിയായ അക്ഷയ് എന്നയാളെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതികളാണ് നിലവിൽ ഒളിവിൽ പോയ ലിഷോയിയും നിഖിലും ബാദുഷയും. ഇവർ ഒല്ലൂർ, ചാവക്കാട്, ചങ്ങരംകുളം എന്നിവിടങ്ങളിലായി താമസിച്ച് വരികയായിരുന്നു. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികൾക്കായി കുന്നംകുളം പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.