കേരളത്തില്‍ വെള്ളിയാഴ്ച മുതല്‍ മഴ പെയ്യും; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യത

Update: 2026-01-06 06:26 GMT

തിരുവനന്തപുരം: ഭൂമധ്യരേഖയ്ക്ക് സമീപം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴിയെത്തുടര്‍ന്ന് കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത. വെള്ളിയാഴ്ചയോടെ മഴ ശക്തമാകുമെന്ന പ്രവചനത്തെത്തുടര്‍ന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. ചക്രവാതച്ചുഴി ശ്രീലങ്കന്‍ തീരത്തേക്ക് നീങ്ങുന്നതോടെ കേരളത്തിലെ മധ്യ-തെക്കന്‍ ജില്ലകളിലാകും കൂടുതല്‍ മഴ ലഭിക്കുക. തമിഴ്‌നാടിന്റെ തെക്കന്‍ മേഖലകളിലും മഴ ശക്തമാകും. ജനുവരി 9-ന് ബംഗാള്‍ ഉള്‍ക്കടല്‍, തമിഴ്‌നാട് തീരം, കന്യാകുമാരി, ഗള്‍ഫ് ഓഫ് മാന്നാര്‍ എന്നിവിടങ്ങളില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം.

മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാല്‍ ഈ മേഖലകളില്‍ മത്സ്യബന്ധനത്തിന് പോകുന്നവര്‍ നിയന്ത്രണങ്ങള്‍ പാലിക്കണം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന വരണ്ട കാലാവസ്ഥയ്ക്ക് മാറ്റമുണ്ടാകുമെന്നാണ് ഈ പ്രവചനം സൂചിപ്പിക്കുന്നത്.

Similar News