കെഎസ്ആര്‍ടിസിയില്‍ റെക്കോര്‍ഡ് കുതിപ്പ്; ഒരു ദിവസം നേടിയത് 13.02 കോടി; ചരിത്രത്തിലാദ്യമായി കലക്ഷന്‍ 13 കോടി കടന്നു

Update: 2026-01-06 07:31 GMT

തിരുവനന്തപുരം: പ്രതിസന്ധികളെ മറികടന്ന് റെക്കോര്‍ഡ് വരുമാനവുമായി കെഎസ്ആര്‍ടിസി. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കലക്ഷനാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്. ടിക്കറ്റ് ഇനത്തില്‍ മാത്രം 12.18 കോടി രൂപ ലഭിച്ചു. ടിക്കറ്റിതര വരുമാനമായ 83.49 ലക്ഷം രൂപ കൂടി ചേര്‍ത്തപ്പോള്‍ ആകെ വരുമാനം 13.02 കോടി രൂപയായി ഉയര്‍ന്നു.

കഴിഞ്ഞ സെപ്റ്റംബര്‍ 8-ന് നേടിയ 10.19 കോടി രൂപയുടെ റെക്കോര്‍ഡാണ് ഇതോടെ പഴങ്കഥയായത്. സംസ്ഥാനത്തെ എല്ലാ ഡിപ്പോകളും നിലവില്‍ പ്രവര്‍ത്തന ലാഭത്തിലാണ്. 35 ഡിപ്പോകള്‍ക്ക് ഇത്തവണത്തെ കലക്ഷന്‍ ടാര്‍ജറ്റ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. നൂതന സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി നടപ്പാക്കിയ പരിഷ്‌കരണങ്ങളും ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഏകോപിതമായ പ്രവര്‍ത്തനവുമാണ് ഈ വന്‍ മുന്നേറ്റത്തിന് പിന്നില്‍.

വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി 169 പുതിയ ബസുകള്‍ കൂടി ഉടന്‍ നിരത്തിലിറങ്ങും. ഇതോടെ പ്രതിദിന വരുമാനം സ്ഥിരമായി 10 കോടിക്ക് മുകളില്‍ നിലനിര്‍ത്താന്‍ കഴിയുമെന്നാണ് മാനേജ്മെന്റിന്റെ പ്രതീക്ഷ. ടിക്കറ്റിതര വരുമാനം ശരാശരി 80 ലക്ഷം രൂപയായി നിലനിര്‍ത്താന്‍ സാധിച്ചാല്‍ കെഎസ്ആര്‍ടിസിക്ക് പൂര്‍ണ്ണമായും സ്വയംപര്യാപ്തത കൈവരിക്കാന്‍ സാധിക്കുമെന്ന് ഗതാഗത വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

Similar News