യാത്രക്കാരനെ കാര്‍ തടഞ്ഞു മര്‍ദിച്ചു: കാര്‍ അടിച്ചു തകര്‍ത്തു; മൊബൈല്‍ ഫോണ്‍ കവര്‍ന്നു; നാലംഗസംഘത്തിലെ പ്രധാനിയെ അറസ്റ്റ് ചെയ്ത് അടൂര്‍ പോലീസ്
യാത്രക്കാരനെ കാര്‍ തടഞ്ഞു മര്‍ദിച്ചു: കാര്‍ അടിച്ചു തകര്‍ത്തു
അടൂര്‍: കാര്‍ യാത്രക്കാരനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച് മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത കേസില്‍ ഒന്നാം പ്രതിയെ പോലീസ് പിടികൂടി. കൊടുമണ്‍ പുതുമല ചിരണിക്കല്‍ ഷാജിവിലാസത്തില്‍ സുധി ഷാജി(27) ആണ് അറസ്റ്റില്‍ ആയത്. അടൂരില്‍ നിന്നും മണ്ണടി ഭാഗത്തേക്ക് പോവുകയായിരുന്ന യാത്രക്കാരനെ അടൂര്‍ നെല്ലിമൂട്ടിപ്പടിയില്‍ വച്ചാണ് പ്രതികള്‍ തങ്ങളുടെ കാര്‍ കുറുകേയിട്ട് തടഞ്ഞത്. അതിന് ശേഷം ഡോര്‍ ബലമായി പിടിച്ചു തുറന്നു ഡ്രൈവറെ കമ്പിവടി കൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചു. കാറിന്റെ റിയര്‍വ്യൂ ഫ്രെയിമും ഹാന്‍ഡിലും അടിച്ചു പൊട്ടിക്കുകയും കൈയില്‍ ഉണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങി കടന്നുകളയുകയുമായിരുന്നു. സംഘത്തില്‍ നാലുപേര്‍ ഉണ്ടായിരുന്നു.
കഴിഞ്ഞദിവസം പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത. കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തി വരവേ ഒന്നാം പ്രതിയെ കൊടുമണില്‍ നിന്ന് പിടികൂടി. പോലീസ് ഇന്‍സ്പെക്ടര്‍ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ അനൂപ് രാഘവന്‍, എ.എസ് ഐ. വിനോദ്, സിപിഒ മാരായ അര്‍ജുന്‍, മനോജ്,ഇജാസ്,സുധീഷ് എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഒന്നാംപ്രതി മുമ്പും ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുള്ള ആളാണ്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മറ്റു പ്രതികള്‍ ഒളിവിലാണ്.