ദേശസാല്‍കൃത ബാങ്ക് വീട് ജപ്തി ചെയ്തു; അഞ്ചുമാസമായ കുട്ടിയും മൂന്ന് വയോധികരും അടക്കം പെരുവഴിയിലായി: അഞ്ച് ലക്ഷം രൂപ തിരികെ അടച്ചിട്ടും കുടുംബത്തോട് കരുണകാണിക്കാതെ ബാങ്ക് അധികൃതര്‍

ദേശസാല്‍കൃത ബാങ്ക് വീട് ജപ്തി ചെയ്തു; അഞ്ചുമാസമായ കുട്ടിയും മൂന്ന് വയോധികരും അടക്കം പെരുവഴിയിലായി

Update: 2026-01-09 04:35 GMT

തിരുവനന്തപുരം: ദേശസാല്‍കൃത ബാങ്ക് വീട് ജപ്തി ചെയ്തതോടെ അഞ്ചുമാസമായ കുട്ടിയും മൂന്ന് വയോധികരും അടക്കം അഞ്ചു പേര്‍ പെരുവഴിയിലായി. മറ്റെങ്ങും പോകാന്‍ ഇല്ലാതായതോടെ രാത്രി വൈകിയും എല്ലാവരും വീടിനുപുറത്ത് തന്നെ കഴിച്ചുകൂട്ടി. പറണ്ടോട് ദേശസാല്‍കൃത ബാങ്ക് ഇന്നലെയാണ് ജപ്തി നടപടി സ്വീകരിച്ചത്.

പ്രവാസിയായിരുന്ന നിഹാസിന്റെ വീടാണ് ജപ്തി ആയത്. നിഹാസ് പ്രവാസിയായിരുന്നപ്പോള്‍ വീട് വയ്ക്കുന്നതിനായി 11 ലക്ഷം രൂപ എന്‍ആര്‍ഐ ഹൗസിങ് ലോണ്‍ എടുത്തിരുന്നു. 2019ല്‍ 21 വര്‍ഷത്തെ കാലാവധിയിലാണ് ലോണ്‍ എടുത്തതെന്ന് നിഹാസ് പറയുന്നു. കോവിഡ് ബാധിച്ചതോടെ വിദേശത്തെ ജോലി പോയി. നാട്ടിലെത്തി ജോലി തേടുന്നതിനിടെ നിഹാസ് അപകടത്തില്‍പെടുകയും ദീര്‍ഘനാള്‍ ചികിത്സയിലാകുകയും ചെയ്തു. ഇതോടെ മാസം 11,000 രൂപ വച്ചുള്ള അടവ് മുടങ്ങി. പിന്നീട് നിഹാസ് ചുമട്ടുതൊഴില്‍ സ്വീകരിച്ചു.

അഞ്ച് ലക്ഷത്തോളം രൂപ ഇതിനകം തിരികെ അടച്ചു. കുടിശ്ശികത്തുക നിലനിര്‍ത്തി ബാക്കി തുക അടയ്ക്കുകയും സാവധാനം കുടിശിക അടച്ചു തീര്‍ക്കാമെന്നും പലതവണ സംസാരിച്ചെങ്കിലും ബാങ്കിനത് സ്വീകാര്യമായില്ല. മുഴുവന്‍ തുകയും അടയ്ക്കണമെന്ന് നിലപാടാണ് ബാങ്ക് സ്വീകരിച്ചതെന്ന് നിഹാസ് പറയുന്നു. ഇതോടെ എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായി.

നിഹാസും ഭാര്യയും അഞ്ച് മാസമായ കുട്ടിയും നിഹാസിന്റെ മാതാപിതാക്കളും മാതാവിന്റെ മാതാവുമാണ് ഈ വീട്ടില്‍ കഴിയുന്നത്. മറ്റെവിടെയും പോകാന്‍ ആശ്രയമില്ലാത്ത കുടുംബം വീടിനു പുറത്താണ് രാത്രിവൈകിയും കഴിഞ്ഞത്. ജപ്തിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് ബ്രാഞ്ച് മാനേജരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

Tags:    

Similar News