കേവലം ചെറിയ ഓണറേറിയത്തിന് വേണ്ടിയല്ല ദേവസ്വം ബോര്‍ഡുകളിലേക്ക് രാഷ്ട്രീയ നേതാക്കള്‍ ഇടിച്ചു കയറുന്നത്; സ്വത്തിന്റെ നടത്തിപ്പില്‍ കണ്ണു വച്ചു തന്നെയാണെന്ന് ബി അശോക് ഐഎഎസ്

ചെറിയ ഓണറേറിയത്തിന് വേണ്ടിയല്ല ദേവസ്വം ബോര്‍ഡുകളിലേക്ക് രാഷ്ട്രീയ നേതാക്കള്‍ ഇടിച്ചു കയറുന്നത്

Update: 2026-01-09 17:26 GMT

തിരുവനന്തപുരം: കേവലം ചെറിയ തുകയായ പ്രതിമാസ ഓണറേറിയത്തിന് വേണ്ടിയല്ല മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ പോലും ദേവസ്വം ഭരണസമിതിയിലേക്ക് ഇടിച്ചു കയറാന്‍ ശ്രമിക്കുന്നതെന്ന് കാര്‍ഷികോല്‍പ്പാദന കമ്മീഷണര്‍ ബി അശോക് ഐഎഎസ്. അവിടത്തെ സ്വത്തിന്റെ നടത്തിപ്പില്‍ കണ്ണു വച്ചു തന്നെയാണെന്ന വസ്തുത നാം കാണാതെ പോകരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭാരതീയ വിദ്യാഭവന്‍ ജേര്‍ണലിസം കോളേജ് 'ബിയോണ്‍ഡ് സിനിസിസം' എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി സംഘടിപ്പിച്ച വികസന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോടിക്കണക്കിന് രൂപയുടെ സ്വത്തിന്റെ നടത്തിപ്പവകാശം ഇത്തരം മൂന്നുപേരിലേക്ക് ഒതുങ്ങുമ്പോള്‍ അഴിമതിക്കഥകള്‍ സ്വാഭാവികമാകും. ഈ രീതിക്ക് മാറ്റം വന്നാല്‍ മാത്രമേ ദേവസ്വം സ്വത്തുക്കള്‍ സംരക്ഷിക്കാനാകൂ എന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം ഭരണപരമായ ന്യൂനതകള്‍ നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങളിലും പ്രകടമാണ്. മത്സരാധിഷ്ഠിതമായി മുന്നോട്ടു പോകുന്ന തരത്തില്‍ ഭരണ സംവിധാനത്തില്‍ മാറ്റം വന്നാല്‍ മാത്രമേ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കു മികച്ച പ്രകടനം കാഴ്ചവെക്കാനാകൂ. കേരളം മോഡല്‍ മികച്ചത് എന്ന് നാം പറയുമ്പോഴും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ മറ്റു സംസ്ഥാനങ്ങളേക്കാള്‍ നാം പിന്നിലായി പോകുന്ന കാഴ്ച്ച നാം കാണാതെ പോകരുത്. ഇത്തരം വിഷയങ്ങള്‍ ചൂണ്ടികാട്ടുന്നതുകൊണ്ടാണ് ബീയോണ്ട് സിനിസിസം കേരള എന്ന പുസ്തകം മറ്റു പുസ്തകങ്ങളില്‍ നിന്നും വേറിട്ട് നില്‍ക്കുന്നത് .അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ പി എച് കുര്യന്‍ , ടി ബാലകൃഷ്ണന്‍ എന്നിവര്‍ സംയുക്തമായി തയാറാക്കിയ ബീയോണ്ട് സിനിസിസം കേരള എന്ന പുസ്തകം ഇതിനോടകം വലിയ ജനശ്രദ്ധ നേടിയതായി രചയിതാക്കളില്‍ ഒരാളായ ടി ബാലകൃഷ്ണന്‍ ഐ എ എസ് വ്യക്തമാക്കി .ഈ പുസ്തകം ഉയര്‍ത്തുന്ന ആശയം ഭരണതലത്തില്‍ പലപ്പോഴും ഞങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട് . ഇനി ഈ ആവിശ്യങ്ങള്‍ ഉയരേണ്ടതു ജനങ്ങളുടെ ഭാഗത്തുനിന്നാണ്, തിനായാണ് പുസ്തക രൂപത്തില്‍ അവ ജനങ്ങളുടെ മുന്നില്‍ എത്തിച്ചത് .അഴിമതി തടയണമെന്ന് ഭരണനേതൃത്വം പറയുമ്പോഴും പല നിയമനിര്‍മ്മാണങ്ങളിലും അതിനുള്ള പഴുതുകള്‍ പകല്‍പോലെ വ്യക്തമാണ്. അതിനുള്ള മികച്ച ഉദാഹരണമാണ് ഇപ്പോഴും തുടരുന്ന നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം. ഈ നിയമത്തിന്റെ പ്രാരംഭ വേളയില്‍ത്തന്നെ ഈ പിഴവ് വകുപ്പ് സെക്രട്ടറി എന്ന നിലയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്ന് സംവാദത്തില്‍ പങ്കെടുത്ത് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ് ആദികേശവന്‍ മോഡറേറ്ററായ സംവാദത്തില്‍, പ്രിന്‍സിപ്പല്‍ പ്രസാദ് നാരായണന്‍ സ്വാഗതം പറഞ്ഞു ,ഭാരതീയ വിദ്യാഭവന്‍ സെക്രട്ടറി എസ്.ശ്രീനിവാസന്‍ ഐ .എ എസ് (റിട്ട ) പങ്കെടുത്തു .


Tags:    

Similar News