രാഹുലിന്റേത് നിഷ്ഠൂരമായ പ്രവര്‍ത്തി; നിയമത്തിന് മുന്നില്‍ ആരും അതീതരല്ലെന്ന് തെളിഞ്ഞു: മന്ത്രി വി. ശിവന്‍കുട്ടി
തിരുവനന്തപുരം: ലൈംഗിക പീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ അറസ്റ്റിലായ സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. എത്ര സ്വാധീനമുള്ള വ്യക്തിയായാലും കുറ്റം ചെയ്താല്‍ നിയമത്തിന് മുന്നില്‍ നിന്ന് രക്ഷപ്പെടില്ല എന്നതിന്റെ തെളിവാണ് ഈ നടപടിയെന്ന് മന്ത്രി പറഞ്ഞു. കുറ്റവാളികള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുന്നതില്‍ കേരളം മാതൃകയാണെന്നും സര്‍ക്കാര്‍ ഈ നയത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ പരാതിയില്‍ രാഹുലിനെതിരെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. യുവതിയുടെ ആഡംബര വാച്ച് ഊരിവാങ്ങിയതും ഫ്‌ലാറ്റ് വാങ്ങി നല്‍കാന്‍ നിര്‍ബന്ധിച്ചതുമുള്‍പ്പെടെയുള്ള സാമ്പത്തിക ചൂഷണങ്ങള്‍ നിഷ്ഠൂരമാണ്. നിയമത്തെയും കേരളത്തിലെ ജനങ്ങളെയും വെല്ലുവിളിക്കാന്‍ രാഹുലിനെ സഹായിച്ചത് കോണ്‍ഗ്രസാണെന്നും മന്ത്രി കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഇരട്ടത്താപ്പാണ് ഇപ്പോള്‍ പുറത്തുവരുന്നത്. രാഹുലിനെതിരെ നടപടിയെടുത്തു എന്ന് പറയുന്നുണ്ടെങ്കിലും കൃത്യമായി എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമല്ലെന്നും മന്ത്രി പറഞ്ഞു.
കോണ്‍ഗ്രസിലെ ഉന്നതരും രാഹുലും തമ്മിലുള്ള പരസ്പര ധാരണയുടെ അടിസ്ഥാനത്തിലാണ് പാര്‍ട്ടിക്കുള്ളിലെ നാടകങ്ങള്‍ നടക്കുന്നത്. രാഹുലിനെ കോണ്‍ഗ്രസ് ഭയപ്പെടുന്നത് കൊണ്ടാണ് കര്‍ശന നടപടിയിലേക്ക് പോകാത്തത്. സര്‍ക്കാര്‍ വിട്ടുവീഴ്ചയില്ലാത്ത നടപടിയുമായി മുന്നോട്ടുപോകുമ്പോള്‍ കോണ്‍ഗ്രസ് മെല്ലെപ്പോക്ക് നയമാണ് സ്വീകരിക്കുന്നതെന്നും വി. ശിവന്‍കുട്ടി തിരുവനന്തപുരത്ത് പറഞ്ഞു.