വീടു കുത്തിത്തുറന്ന് പൂജാമുറിയിലെ അലമാരയില്‍ സൂക്ഷിച്ച മുപ്പത് പവന്‍ കവര്‍ന്നു; മോഷണം നടന്നത് അഞ്ചു ദിവസമായി അടഞ്ഞു കിടന്ന വീട്ടില്‍

വീടു കുത്തിത്തുറന്ന് പൂജാമുറിയില്‍ സൂക്ഷിച്ച മുപ്പത് പവന്‍ കവര്‍ന്നു

Update: 2026-01-13 03:56 GMT

ആലപ്പുഴ: വീടു കുത്തിത്തുറന്ന് പൂജാമുറിയിലെ അലമാരയില്‍ സൂക്ഷിച്ച 30 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. കാരയ്ക്കാട് പാറയ്ക്കല്‍ മലയുടെ വടക്കേതില്‍ പരേതനായ ശിവാനന്ദന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. അഞ്ചുദിവസമായി അടഞ്ഞുകിടന്ന വീട്ടലാണ് മോഷണം നടന്നത്. ശിവാനന്ദന്റെ മകള്‍ ദിവ്യയും കുടുംബവുമാണ് വീട്ടില്‍ താമസിക്കുന്നത്. ഇവരുടെ അമ്മ വസുന്ധര അഞ്ചുദിവസത്തിലേറെയായി പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ അത്യാഹിതവിഭാഗത്തിലായിരുന്നു. വീട്ടുകാര്‍ എല്ലാവരും ആശുപത്രിയിലായിരുന്നു. ഈ സമയത്താണ് മോഷണം നടന്നത്.

ബന്ധുക്കളെ വീടു നോക്കാന്‍ ഏല്‍പ്പിച്ച ശേഷമാണ് ദിവ്യയും കുടുംബവും ആശുപത്രിയിലേക്ക് പോയത്. ഞായറാഴ്ച രാവിലെ വീടു നോക്കിയിരുന്ന ബന്ധുക്കള്‍ എത്തിയപ്പോള്‍ വീടിന്റെ മുന്‍ഭാഗത്തെ വാതിലും തുറന്ന നിലയിലായിരുന്നു. പിന്‍ഭാഗത്തെ വാതില്‍ കുത്തിതുറന്ന നിലയിലും കണ്ടു. സ്വര്‍ണം മാത്രമാണ് കള്ളന്മാര്‍ കൊണ്ടു പോയത്. പണമൊന്നും നഷ്ടപ്പെട്ടില്ലെന്ന് വീട്ടുകാര്‍ പറഞ്ഞു.

ശനിയാഴ്ച രാത്രി ഒന്നരയ്ക്കുശേഷമാണ് മോഷണം നടന്നതെന്നാണ് നിഗമനം. അതുവരെയുള്ള സി.സി.ടി.വി. ദൃശ്യങ്ങള്‍ ലഭ്യമാണ്. ഹാര്‍ഡ് ഡിസ്‌ക് കവര്‍ന്നതിനാല്‍ ശേഷമുള്ള ദൃശ്യങ്ങള്‍ ലഭ്യമല്ല. വീടിന്റെ പിന്‍ഭാഗത്തെ ഒരു സി.സി.ടി.വി. ക്യാമറ തകര്‍ത്ത നിലയിലും മറ്റൊന്ന് തിരിച്ചുവെച്ച നിലയിലും കാണപ്പെട്ടു. അടുക്കളയൊഴിച്ചുള്ള വീടിന്റെ എല്ലാ മുറികളിലും സാധനങ്ങള്‍ വാരിവലിച്ചിട്ടിട്ടുണ്ട്.

ചെങ്ങന്നൂര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. പോലീസ് നായ മണംപിടിച്ചശേഷം വീടിനു ചുറ്റുമായി നടന്നു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. കഴിഞ്ഞയാഴ്ച കാരയ്ക്കാട് ജങ്ഷനിലെ കേരള ബാങ്കിന്റെ ശാഖയില്‍ കവര്‍ച്ചശ്രമം നടന്നിരുന്നു. വിലപിടിപ്പുള്ളതൊന്നും നഷ്ടപ്പെട്ടില്ല.

Tags:    

Similar News