അതിജീവിതയുടെ രഹസ്യമൊഴിയെടുക്കും; രാഹുല്‍ പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്ന തിരുവല്ലയിലെ ഹോട്ടല്‍ ദൃശ്യങ്ങള്‍ അന്വേഷകസംഘത്തിന്
തിരുവല്ല: മൂന്നാമത്തെ ബലാത്സംഗക്കേസില്‍ പ്രതിയായി മാവേലിക്കര സ്പെഷല്‍ സബ് ജയിലിലുള്ള കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോടതിയില്‍ എത്തിക്കുന്നതിനിടയില്‍ വ്യാപക പ്രതിഷേധം. തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിക്ക് സമീപം നൂറുകണക്കിന് എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി എത്തിയത്.
ആദ്യബലാത്സംഗക്കേസിലെ പരാതിക്കാരി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച വാചകമായ 'Love you to moon and back' എന്നെഴുതിയ ബാനറുമായാണ് എസ്എഫ്‌ഐ എത്തിയത്. നാടിനാകെ അപമാനമായ ഇയാള്‍ നിയമസഭയില്‍ ഉണ്ടാകാന്‍ പാടില്ലെന്നും ലൈംഗികവൈകൃതത്തിന് അടിമയായ ഇയാളെ സംരക്ഷിക്കുന്ന നിലപാട് കോണ്‍ഗ്രസ് അവസാനിപ്പിക്കണമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. കോടതിയില്‍ എത്തുന്നതിന് മുന്‍പ് വൈദ്യപരിശോധനയ്ക്കയി തിരുവല്ല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴും വലിയ പ്രതിഷേധമാണുയര്‍ന്നത്. വാഹനത്തില്‍ നിന്നും രാഹുലിനെ പുറത്തിറക്കാന്‍ പാടുപെട്ടതോടെ പൊലീസ് ബലം പ്രയോഗിച്ച് പ്രതിഷേധക്കാരെ നീക്കിയാണ് രാഹുലിനെ ആശുപത്രിയിലേക്ക് കയറ്റിയത്.
പ്രതിയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുള്ള പ്രത്യേക അന്വേഷകസംഘത്തിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും. കേസ് സംബന്ധിച്ച പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മജിസ്‌ട്രേറ്റ് അരുന്ധതി ദിലീപ് ആവശ്യപ്പെട്ടിരുന്നു. കോടതി അതിജീവിതയുടെ രഹസ്യമൊഴിയെടുക്കും. രാഹുല്‍ പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്ന, തിരുവല്ലയിലെ ഹോട്ടല്‍ ദൃശ്യങ്ങള്‍ അന്വേഷകസംഘത്തിന് ലഭിച്ചു.