തന്ത്രിക്ക് പുതിയ കുരുക്ക്; ദ്വാരപാലക ശില്പങ്ങളില്‍ നിന്ന് സ്വര്‍ണ്ണം കവര്‍ന്ന രണ്ടാമത്തെ കേസിലും അറസ്റ്റ് ചെയ്യാന്‍ കോടതി അനുമതി
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണ മോഷണ പരമ്പരയില്‍ തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ കുരുക്ക് മുറുക്കി പ്രത്യേക അന്വേഷണ സംഘം. ശ്രീകോവില്‍ കട്ടിളപ്പാളിയിലെ സ്വര്‍ണ്ണമോഷണക്കേസില്‍ നിലവില്‍ റിമാന്‍ഡിലുള്ള തന്ത്രിയെ, ദ്വാരപാലക ശില്പങ്ങളില്‍ നിന്ന് സ്വര്‍ണ്ണം കവര്‍ന്ന രണ്ടാമത്തെ കേസിലും അറസ്റ്റ് ചെയ്യാന്‍ കോടതി അനുമതി. ഇതോടെ തന്ത്രിക്ക് ഉടനൊന്നും മോചനമുണ്ടാകില്ല.
ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഇന്ന് കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കും. ദ്വാരപാലക ശില്പങ്ങളില്‍ പൊതിഞ്ഞ സ്വര്‍ണ്ണപ്പാളികള്‍ക്ക് തിളക്കം കുറഞ്ഞെന്നും അവ മാറ്റണമെന്നും നിര്‍ദ്ദേശിച്ചത് തന്ത്രിയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിനായി 'അനുജ്ഞാ കലശം' നടത്തിയതും ഇദ്ദേഹമാണ്.
തുടര്‍ന്ന് ഈ പാളികള്‍ സ്വര്‍ണ്ണം പൂശാനെന്ന വ്യാജേന ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് വിട്ടുനല്‍കാന്‍ തന്ത്രി മൗനാനുവാദം നല്‍കിയെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍. ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിന്റെ മൊഴിയും തന്ത്രിക്ക് തിരിച്ചടിയായി.
ശ്രീകോവില്‍ കട്ടിളപ്പാളി കേസിലെ സമാനമായ ഗൂഢാലോചനയും ഒത്താശയും ഈ കേസിലും നടന്നിട്ടുണ്ട്. ആചാര ലംഘനം നടന്നിട്ടും തന്ത്രി ദേവസ്വം ബോര്‍ഡിനെ വിവരം അറിയിച്ചില്ല. തന്ത്രിയെ രണ്ടാമത്തെ കേസിലും അറസ്റ്റ് ചെയ്യുന്നതോടെ അദ്ദേഹത്തിന്റെ ജയില്‍വാസം നീളും.