ജനവാസ മേഖലയിലെ തോട്ടില്‍ കക്കൂസ് മാലിന്യം തള്ളി; സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം: പ്രതി പിടിയില്‍
ജനവാസ മേഖലയിലെ തോട്ടില്‍ കക്കൂസ് മാലിന്യം തള്ളി
റാന്നി-പെരുനാട്: ജനവാസമേഖലയിലെ തോട്ടില്‍ കക്കൂസ് മാലിന്യം തള്ളിയ കേസില്‍ പ്രതി പോലീസിന്റെ പിടിയിലായി. പള്ളിക്കല്‍ പഴകുളം വലിയവിളയില്‍ മുഹമ്മദ് അഫ്സല്‍ (25) ആണ് അറസ്റ്റിലായത്.
പെരുനാട് ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡില്‍പ്പെട്ട കൂനംകര തോട്ടില്‍ പുലര്‍ച്ചെ ഒന്നിനും 04.45 നും ഇടയ്ക്ക് പല ദിവസങ്ങളിലായി ടാങ്കറില്‍ കക്കൂസ് മാലിന്യം കൊണ്ട് തള്ളുകയായിരുന്നു. പരിസരവാസികള്‍ക്ക് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പരിസരത്തുളള സിസിടിവി കാമറകള്‍ പരിശോധിച്ചപ്പോഴാണ് ടാങ്കറില്‍ മാലിന്യം കൊണ്ടുവന്ന് തോട്ടില്‍ തള്ളുന്നത് ശ്രദ്ധയില്‍പ്പെട്ടത്.
ജലക്ഷാമം അനുഭവപ്പെടുന്ന വേനല്‍ക്കാലത്ത് തോട്ടിലെ വെള്ളമാണ് പ്രദേശവാസികള്‍ പ്രധാനമായും ഉപയോഗപ്പെടുത്തുന്നത്. നാട്ടുകാരുടെ പരാതിയില്‍ കേസെടുത്തതിനെ തുടര്‍ന്ന് എസ്.ഐ കുരുവിള സക്കറിയയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞ് പിടികൂടിയത്. എസ്.സി.പി.ഒ മാരായ സുകേഷ് രാജ്. ആര്‍, വിജേഷ് എന്നിവര്‍ പങ്കാളികളായി. അറസ്റ്റ് ചെയ്ത പ്രതിയെ പോലീസ് ജാമ്യത്തില്‍ വിട്ടയച്ചു.