വഴിയരികില്‍ സഹായം അഭ്യര്‍ഥിച്ചയാളെ വാഹനത്തില്‍ കയറ്റി; പ്രവാസി മലയാളി ജയിലില്‍ കിടന്നത് ഒരു മാസം; പിന്നാലെ ജോലിയും പോയി 11 വര്‍ഷത്തെ സേവന ആനുകൂല്യങ്ങളും നഷ്ടമായി

അ​പ​രി​ചി​ത​ന് ലി​ഫ്റ്റ് ന​ൽ​കി; പ്രവാസി മലയാളി ജയിലില്‍ കിടന്നത് ഒരു മാസം

Update: 2026-01-14 03:48 GMT

റിയാദ്: ജോലി സ്ഥലത്ത് നിന്നും പോകവെ വഴിയരികില്‍ സഹായം അഭ്യര്‍ഥിച്ചുനിന്ന അപരിചിതനെ വാഹനത്തില്‍ കയറ്റിയ പ്രവാസി മലയാളിക്ക് ജയില്‍വാസവും തൊഴില്‍ നഷ്ടവും. പത്തനംതിട്ട ആറന്മുള സ്വദേശി പ്രസാദ് കുമാറിനാണ് ജോലിയും സമാധാനവും നഷ്ടമായത്. വഴിയില്‍ സഹായം ചോദിച്ച യമന്‍ സ്വദേശിയെ വാഹനത്തില്‍ കയറ്റിയതാണ് പ്രസാദ് കുമാറിന് പുലിവാലായത്. പ്രസാദ് ലിഫ്റ്റ് നല്‍കിയത് മതിയായ രേഖകള്‍ ഇല്ലാതിരുന്ന അനധികൃത കുടിയേറ്റക്കാരനെ ആയിരുന്നു. ഇതോടെ യമന്‍ സ്വദേശിക്കൊപ്പം പ്രസാദും ജയിലിലായി.

കഴിഞ്ഞ 11 വര്‍ഷമായി സൗദി അറേബ്യയില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം. ജിസാനിലെ ഒരു കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്യവേയാണ് പ്രസാദ് പുലിവാല് പിടിച്ചത്. ലിഫ്റ്റ് നല്‍കിയ യമനിയുമായുള്ള യാത്രയ്ക്കിടെ പൊലീസ് നടത്തിയ പരിശോധനയില്‍ ഇയാള്‍ക്ക് മതിയായ രേഖകളില്ലെന്നും അതിര്‍ത്തി കടന്ന് നിയമവിരുദ്ധമായി എത്തിയതാണെന്നും മനസ്സിലായി. ഇതോടെ യമന്‍ സ്വദേശിക്കൊപ്പം പ്രസാദ് കുമാറിനെയും പൊലീസ് കസ്റ്റഡിയിലെടുക്കുക ആയിരുന്നു. ഒരു മാസത്തോളം ഇദ്ദേഹത്തിന് ജയിലില്‍ കഴിയേണ്ടി വന്നു.

പിന്നീട് നിരപരാധി എന്ന് തെളിഞ്ഞ് വിട്ടയച്ചെങ്കിലും കമ്പനിയുടെ വാഹനം ഉപയോഗിച്ച് നിയമവിരുദ്ധമായി ടാക്‌സി സര്‍വിസ് നടത്തി എന്ന കുറ്റം ചുമത്തി പ്രസാദിനെ ജോലിയില്‍നിന്നും പിരിച്ചുവിട്ടു. സൗദി തൊഴില്‍ നിയമത്തിലെ കടുത്ത വകുപ്പായ ആര്‍ട്ടിക്കിള്‍ 80 പ്രകാരമാണ് കമ്പനി നടപടിയെടുത്തത്. ഇതോടെ 11 വര്‍ഷത്തെ സര്‍വിസ് ബെനഫിറ്റോ കുടിശ്ശികയുള്ള ശമ്പളമോ ലഭിക്കാതെ പ്രസാദ് കുമാര്‍ വഴിയാധാരമായി. മറ്റൊരു ജോലി കണ്ടെത്താനും കഴിയാത്ത അവസ്ഥയായി. ഇതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ പ്രസാദ് സഹായത്തിനായി റിയാദിലെ ഇന്ത്യന്‍ എംബസിയെയും കേളി കലാസാംസ്‌കാരിക വേദിയെയും സമീപിച്ചു. കേളി പ്രവര്‍ത്തകരുടെ ഇടപെടലിനെത്തുടര്‍ന്ന് എക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. നാട്ടിലേക്ക് മടങ്ങുന്നതിനുള്ള വിമാന ടിക്കറ്റും കേളി നല്‍കി.

Tags:    

Similar News