ശസ്ത്രക്രിയ കഴിഞ്ഞു കിടന്ന രോഗിയുടെ മേല്‍ മേല്‍ക്കൂരയുടെ പാളി അടര്‍ന്നു വീണു; സംഭവം കൊല്ലം ജില്ലാ ആശുപത്രിയില്‍

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ മേല്‍ മേല്‍ക്കൂരയുടെ പാളി അടര്‍ന്നു വീണു

Update: 2026-01-14 04:40 GMT

കൊല്ലം: ശസ്ത്രക്രിയ കഴിഞ്ഞു കിടന്ന രോഗിയുടെ മുകളിലേക്ക് മേല്‍ക്കൂരയുടെ സിമന്റ് പാളി അടര്‍ന്നുവീണു. കൊല്ലം ജില്ലാ ആശുപത്രിയിലാണ് സംഭവം. ശൂരനാട് കാഞ്ഞിരംവിള സ്വദേശി ശ്യാമി(39)ന്റെ ശരീരത്തിലേക്കാണ് പാളി വീണത്. ചൊവ്വാഴ്ച രാത്രി 8.30-ഓടെയായിരുന്നു സംഭവം. ഒന്നാംനിലയില്‍ ഓപ്പറേഷന്‍ തിയേറ്ററിനോടു ചേര്‍ന്ന് രോഗികളെ കിടത്തുന്ന വാര്‍ഡിലെ മേല്‍ക്കൂരയുടെ പാളിയാണ് വീണത്. സംഭവത്തിന് പിന്നാലെ ബിജെപി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാരടക്കമുള്ളവര്‍ ആശുപത്രിയിലെത്തി പ്രതിഷേധിച്ചു.

ബൈക്കപകടത്തില്‍ കാലിനു പരിക്കേറ്റതിനെത്തുടര്‍ന്ന് ശ്യാമിന് ശസ്ത്രക്രിയ വേണ്ടി വന്നു. ശസ്ത്രക്രിയയ്ക്കുശേഷം വൈകീട്ട് മൂന്നോടെയാണ് ശ്യാമിനെ വാര്‍ഡിലേക്ക് മാറ്റിയത്. കിടക്കയില്‍ വിശ്രമിക്കവേയാണ് സംഭവം. വശത്തേക്കു മാറിക്കിടന്നതിനാലാണ് അവശിഷ്ടങ്ങള്‍ മുഖത്ത് വീഴാതെയും പരിക്കേല്‍ക്കാതെയും രക്ഷപ്പെട്ടത്. അടുത്ത കിടക്കയിലുണ്ടായിരുന്ന ഇരവിപുരം സ്വദേശി മണിയന്റെ ഭാഗത്തേക്കും സിമന്റ് പാളി വീണു. വിവരമറിയിച്ചതോടെ ജീവനക്കാരെത്തി അടര്‍ന്നുവീണ പാളികള്‍ നീക്കി. പിന്നീട് രോഗിയെ മറ്റൊരു കട്ടിലിലേക്ക് മാറ്റി. ഈ ഭാഗത്തുനിന്ന് മറ്റു കിടക്കകളും നീക്കി.

പുതിയ കെട്ടിടങ്ങളുടെ നിര്‍മാണപ്രവൃത്തികള്‍ പുരോഗമിക്കുമ്പോഴും നിലവില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന ബ്ലോക്കുള്‍പ്പെടെ പല കെട്ടിടങ്ങളിലും അപകടഭീഷണിയുണ്ട്. സണ്‍ഷേഡ് പാളി ഇളകിവീഴാന്‍ സാധ്യതയുള്ളതിനാല്‍ വാതിലുകള്‍ തുറക്കരുതെന്ന നോട്ടീസുകള്‍ പലയിടത്തും പതിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാത്രിയുണ്ടായ സംഭവംകൂടിയായതോടെ ഭീതിയിലാണ് ആശുപത്രിയിലുള്ള രോഗികള്‍.

Tags:    

Similar News