സര്‍വ്വമത സാഹോദര്യവും സമഭാവനയും മുന്‍നിര്‍ത്തി അംഗീകാരം: ഹരിവരാസനം പുരസ്‌കാരം നാദസ്വര വിദ്വാന്‍ തിരുവിഴ ജയശങ്കറിന് സമ്മാനിച്ചു

Update: 2026-01-14 09:20 GMT

ശബരിമല: ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌കാരം പ്രശസ്ത നാദസ്വര വിദ്വാന്‍ തിരുവിഴ ജയശങ്കറിന് സമ്മാനിച്ചു. സന്നിധാനം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സഹകരണ-ദേവസ്വം മന്ത്രി വി.എന്‍. വാസവനാണ് പുരസ്‌കാരം കൈമാറിയത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.

ക്ഷേത്രകലയായ നാദസ്വരത്തെ ജനകീയമാക്കുന്നതിനും ഭക്തിഗാന ശാഖയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ക്കുമുള്ള അംഗീകാരമായാണ് 85-കാരനായ ജയശങ്കറിനെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. അയ്യപ്പ ഭക്തിഗാനങ്ങളും ശരണമന്ത്രങ്ങളും നാദസ്വരത്തില്‍ ആവിഷ്‌കരിച്ച് അദ്ദേഹം പുറത്തിറക്കിയ ആല്‍ബങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആലപ്പുഴ തിരുവിഴ സ്വദേശിയായ ഇദ്ദേഹം നിരവധി കേന്ദ്ര-സംസ്ഥാന ബഹുമതികള്‍ നേടിയിട്ടുണ്ട്.

അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍.എ അധ്യക്ഷനായ ചടങ്ങില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍, കെ.യു. ജനീഷ്‌കുമാര്‍ എം.എല്‍.എ എന്നിവര്‍ സന്നിഹിതരായിരുന്നു. സര്‍വ്വമത സാഹോദര്യവും സമഭാവനയും മുന്‍നിര്‍ത്തി 2012 മുതലാണ് സംസ്ഥാന സര്‍ക്കാര്‍ ഹരിവരാസനം പുരസ്‌കാരം നല്‍കിവരുന്നത്. യേശുദാസ്, എസ്.പി. ബാലസുബ്രഹ്‌മണ്യം, കെ.എസ്. ചിത്ര തുടങ്ങി പ്രമുഖരായ സംഗീതജ്ഞര്‍ക്കാണ് മുന്‍കാലങ്ങളില്‍ ഈ പുരസ്‌കാരം ലഭിച്ചിട്ടുള്ളത്.

Similar News