മതേതരത്വത്തിന്റെ സൗമ്യഭാവമാണ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍: ഗോകുലം ഗോപാലന്‍; 'ശ്രീനാരായണ സാഹോദര്യ പുരസ്‌കാരം' കാന്തപുരത്തിന്

Update: 2026-01-15 06:26 GMT

ആലപ്പുഴ: മതേതരത്വത്തിന്റെ സൗമ്യവും സഹിഷ്ണുതയാര്‍ന്നതുമായ മുഖമാണ് ബഹുമാനപ്പെട്ട കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരെന്ന് ശ്രീനാരായണ പ്രസ്ഥാനത്തിന്റെ നേതാവും ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാനുമായ ഗോകുലം ഗോപാലന്‍ പറഞ്ഞു. സ്വാമി ശാശ്വാതീകാനന്ദ സാംസ്‌കാരിക കേന്ദ്രം ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ 'ശ്രീനാരായണ സാഹോദര്യ പുരസ്‌കാരം' കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ക്ക് സമ്മാനിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതസൗഹാര്‍ദ്ദവും സാമൂഹിക ഐക്യവും വെറും പ്രസംഗങ്ങളിലൊതുക്കാതെ ജീവിതപ്രവര്‍ത്തനങ്ങളാക്കി മാറ്റിയ വ്യക്തിത്വമാണ് കാന്തപുരം മുസ്ലിയാരുടേതെന്ന് ഗോകുലം ഗോപാലന്‍ പറഞ്ഞു. വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ സംവാദത്തിന്റെയും സൗഹൃദത്തിന്റെയും സംസ്‌കാരം വളര്‍ത്തുന്നതില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ അപൂര്‍വമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ശ്രീനാരായണ ഗുരുദേവന്റെ ''ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്'' എന്ന മഹാവാക്യം വെറും ആശയമായി മാത്രം കാണാതെ സാമൂഹിക യാഥാര്‍ത്ഥ്യമായി മാറ്റുവാനുള്ള ശ്രമങ്ങളാണ് കാന്തപുരം മുസ്ലിയാരുടെ നിലപാടുകളിലും പ്രവര്‍ത്തനങ്ങളിലും പ്രതിഫലിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യരെ മതത്തിന്റെ പേരില്‍ വേര്‍തിരിക്കുന്ന പ്രവണതകള്‍ ശക്തിപ്പെടുന്ന കാലഘട്ടത്തില്‍, ഗുരുദേവന്‍ ഉപദേശിച്ച ''മനുഷ്യന്‍ മനുഷ്യനായി കാണപ്പെടണം'' എന്ന ചിന്തയെ പ്രായോഗിക ജീവിതത്തിലൂടെ ഉയര്‍ത്തിപ്പിടിക്കുന്ന നേതാവാണ് കാന്തപുരം മുസ്ലിയാരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും മതതീവ്രവാദികള്‍ ഉണ്ടാകാമെങ്കിലും, അവരെ ഒറ്റപ്പെടുത്തുകയോ ശത്രുവാക്കി മാറ്റുകയോ ചെയ്യുന്നതല്ല പരിഹാരമെന്ന് ഗോകുലം ഗോപാലന്‍ പറഞ്ഞു. സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശങ്ങളുടെ പ്രസക്തി ബോധവത്കരിച്ച് അവരെ മാറ്റിയെടുക്കുകയാണ് യഥാര്‍ത്ഥ സാമൂഹിക ഉത്തരവാദിത്വമെന്നും, ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ കൃത്രിമമായ ഭിന്നതകള്‍ സൃഷ്ടിച്ച് സമൂഹത്തെ വിഭജിക്കുന്ന സമീപനങ്ങള്‍ ഒഴിവാക്കേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.

മതസൗഹാര്‍ദ്ദവും മാനവികതയും സമൂഹത്തിന്റെ അടിസ്ഥാനം ആകണമെന്ന ഗുരുദേവ ദര്‍ശനത്തിന്റെ തുടര്‍ച്ചയാണ് കാന്തപുരം മുസ്ലിയാരുടെ പ്രവര്‍ത്തനങ്ങളെന്നും, അതിനുള്ള അംഗീകാരമായാണ് 'ശ്രീനാരായണ സാഹോദര്യ പുരസ്‌കാരം' അദ്ദേഹത്തിന് സമ്മാനിക്കുന്നതെന്നും ഗോകുലം ഗോപാലന്‍ പറഞ്ഞു. കായംകുളത്ത് കേരള മുസ്ലിം ജമാഅത്തിന്റെ കേരള യാത്രയുടെ സ്വീകരണ സമ്മേളനത്തില്‍ വച്ചാണ് പുരസ്‌കാരം സമ്മാനിച്ചത്. ചടങ്ങില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, മന്ത്രി പി. പ്രസാദ് മുന്‍ എം.പി എ.എം. ആരിഫ് എന്നിവര്‍ ഉള്‍പ്പെടെ വിവിധ രാഷ്ട്രീയസാംസ്‌കാരിക നേതാക്കള്‍ പങ്കെടുത്തു.

Similar News