'മരണം വരെ കോണ്‍ഗ്രസ് ആയിരിക്കും; പാര്‍ട്ടി വിടുമെന്ന പ്രചാരണത്തിന് പിന്നില്‍ സിപിഎം': കമ്യൂണിസ്റ്റ് കേരളം അഡ്മിനെതിരെ ഡിജിപിക്ക് പരാതി നല്‍കി ഷാനിമോള്‍ ഉസ്മാന്‍
തിരുവനന്തപുരം: കോണ്‍ഗ്രസ് വിടുമെന്ന പ്രചാരണത്തിന് പിന്നില്‍ സിപിഎം ആണെന്നും പ്രചാരണം ദുരുദ്ദേശ്യപരമെന്നും ഷാനിമോള്‍ ഉസ്മാന്‍. കമ്യൂണിസ്റ്റ് കേരളം അഡ്മിനെതിരെ ഡിജിപിക്ക് പരാതി നല്‍കിയതായും ഷാനിമോള്‍ ഉസ്മാന്‍ അറിയിച്ചു. പിതാവിന്റെ മരണാനന്തചടങ്ങുകളുമായി ബന്ധപ്പെട്ട് വീട്ടില്‍ ആയിരുന്നുവെന്നും കമ്മ്യൂണിസ്റ്റ് കേരള എന്നപേജിലാണ് പോസ്റ്റ് കണ്ടതെന്നും ഷാനിമോള്‍ പറയുന്നു. അപമാനകരമായ പോസ്റ്റാണ്. ഒരടിസ്ഥാനവുമില്ല. മരണം വരെ കോണ്‍ഗ്രസ് ആയിരിക്കുമെന്ന് വ്യക്തമാക്കിയ ഷാനിമോള്‍ സിപിഎം പ്രചരണം നടത്തുന്നത് അവരുടെ ഗതികേടാണെന്നും വിമര്‍ശിച്ചു.
സമൂഹമാധ്യമങ്ങളിലെ ഇടത് അനുകൂല പേജുകളിലാണ് ഷാനിമോള്‍ ഉസ്മാന്‍ കോണ്‍ഗ്രസ് വിടുന്നതായി പ്രചാരണം നടക്കുന്നത്. എന്നാല്‍ സാമൂഹിക മാധ്യമത്തിലെ പ്രചാരണങ്ങളെ നിഷേധിച്ച് ഷാനിമോള്‍ ഉസ്മാന്‍ രംഗത്തെത്തുകയായിരുന്നു. കോണ്‍ഗ്രസ് വിടുമെന്ന പ്രചാരണങ്ങള്‍ വ്യാജമാണെന്ന് അവര്‍ പ്രതികരിച്ചിരുന്നു.
കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട് ഷാനിമോള്‍ ഉസ്മാന്‍ സിപിഎമ്മില്‍ ചേരുന്നു എന്ന തരത്തിലുള്ള പോസ്റ്റുകളാണ് പ്രചരിക്കുന്നത്. ചില വ്യക്തികളുടെ പേരിലുള്ള പ്രൊഫൈലുകളും പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വിടുന്നു എന്നാണ് പോസ്റ്റുകളില്‍ പറയുന്നത്. കൊട്ടാരക്കര മുന്‍ എംഎല്‍എയും സിപിഎമ്മിന്റെ പ്രമുഖ വനിതാ നേതാവുമായിരുന്ന ഐഷ പോറ്റി കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെയാണ് ഷാനിമോള്‍ ഉസ്മാന്‍ പാര്‍ട്ടി വിടുന്നുവെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചത്.