ഫ്രാങ്കോ മുളയ്ക്കല്‍ കേസ്: അഡ്വ. ബി.ജി. ഹരീന്ദ്രനാഥ് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍
By : സ്വന്തം ലേഖകൻ
Update: 2026-01-16 16:19 GMT
തിരുവനന്തപുരം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ കന്യാസ്ത്രീ പീഡനക്കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി അഡ്വ. ബി.ജി. ഹരീന്ദ്രനാഥിനെ നിയമിച്ചു. വിചാരണക്കോടതി ബിഷപ്പിനെ കുറ്റവിമുക്തനാക്കിയതിനെതിരെ സര്‍ക്കാര്‍ നല്കിയ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് പുതിയ നിയമനം. മുന്‍ നിയമസെക്രട്ടറി കൂടിയാണ് ഹരീന്ദ്രനാഥ്.
കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടുകൊണ്ട് പുറപ്പെടുവിച്ച വിധി വലിയ നിയമപോരാട്ടങ്ങള്‍ക്കാണ് വഴിവെച്ചത്. ഹൈക്കോടതിയില്‍ സര്‍ക്കാരിന് വേണ്ടി ശക്തമായ വാദമുഖങ്ങള്‍ നിരത്താനാണ് പരിചയസമ്പന്നനായ ബി.ജി. ഹരീന്ദ്രനാഥിനെ ഈ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. നേരത്തെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്ന ജിതേഷ് ജെ. ബാബു സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് ഈ പുതിയ നിയമനം.