ലഹരി മാഫിയയ്ക്കെതിരെ 'ഓപ്പറേഷന്‍ ഡി-ഹണ്ട്'; സംസ്ഥാനവ്യാപകമായി വന്‍ റെയ്ഡ്; നിരവധി പേര്‍ പിടിയില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്ന് മാഫിയയുടെ വേരറുക്കാന്‍ ലക്ഷ്യമിട്ട് കേരള പോലീസ് നടത്തുന്ന 'ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ' ഭാഗമായി വ്യാപക റെയ്ഡ്. സംസ്ഥാനവ്യാപകമായി നടത്തിയ പ്രത്യേക ഡ്രൈവില്‍ ലഹരി മരുന്ന് വില്‍പനക്കാരും ഇടനിലക്കാരുമുള്‍പ്പെടെ നിരവധി പേരെ പോലീസ് പിടികൂടി. ലഹരിമരുന്ന് കടത്തുകാരെയും മൊത്തക്കച്ചവടക്കാരെയും ലക്ഷ്യമിട്ടായിരുന്നു ഈ സ്‌പെഷ്യല്‍ ഡ്രൈവ്.
പിടിയിലായവരില്‍ നിന്ന് എംഡിഎംഎ, കഞ്ചാവ്, ഹാഷിഷ് ഓയില്‍ തുടങ്ങിയ മാരക ലഹരിവസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. ലഹരി മരുന്ന് കേസുകളില്‍ മുന്‍പ് പ്രതികളായവരുടെ വീടുകളിലും താവളങ്ങളിലും ഒരേസമയം പോലീസ് സംഘം പരിശോധന നടത്തി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും ലഹരി വ്യാപനം തടയാന്‍ വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് മേധാവി അറിയിച്ചു.