തൃത്താല പരുതൂര്‍ കൊടുമുണ്ടയില്‍ വീടിന്റെ വാതില്‍ പൊളിച്ച് അകത്തുകയറിയ മോഷ്ടാക്കള്‍ക്ക് നിരാശ; സ്വര്‍ണ്ണം എന്ന് പറഞ്ഞ് കൊണ്ടു പോയത് മുക്കു പണ്ടം
പാലക്കാട്: തൃത്താല പരുതൂര്‍ കൊടുമുണ്ടയില്‍ വീടിന്റെ വാതില്‍ പൊളിച്ച് അകത്തുകയറിയ മോഷ്ടാക്കള്‍ക്ക് നിരാശ. നാടപറമ്പ് മുജീബ് റഹ്‌മാന്റെ വീട്ടില്‍ നിന്ന് മോഷ്ടാക്കള്‍ കവര്‍ന്നത് സ്വര്‍ണ്ണമല്ല, മറിച്ച് മുക്കുപ്പണ്ടങ്ങളാണെന്ന് വീട്ടുടമ വ്യക്തമാക്കി. വീട്ടുകാര്‍ പുറത്തുപോയ സമയം നോക്കിയായിരുന്നു മോഷണം.
അടുക്കള വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകയറിയത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ സ്വര്‍ണ്ണമാണെന്ന് കരുതിയാണ് ഇവര്‍ കൊണ്ടുപോയത്. അര്‍ദ്ധരാത്രിയില്‍ മോഷ്ടാവ് പ്രദേശത്ത് ചുറ്റിക്കറങ്ങുന്നതിന്റെയും വാഹനങ്ങള്‍ വരുമ്പോള്‍ ഒളിച്ചുനില്‍ക്കുന്നതിന്റെയും വ്യക്തമായ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ തൃത്താല പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
നാടപറമ്പ് ഹൈസ്‌കൂളിന് സമീപത്തെ കടയിലും മറ്റൊരു വീട്ടിലും മോഷണശ്രമം നടന്നെങ്കിലും അവിടെനിന്ന് ഒന്നും നഷ്ടപ്പെട്ടില്ല. മേഖലയില്‍ മോഷണശ്രമങ്ങള്‍ പതിവായതോടെ നാട്ടുകാര്‍ വലിയ ആശങ്കയിലാണ്. നാടപറമ്പില്‍ ജാഗ്രതാ സമിതി യോഗം ചേരുകയും രാത്രികാല പട്രോളിംഗ് ശക്തമാക്കാന്‍ പോലീസിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.