വയനാടിനെ നടുക്കി ആസിഡ് ആക്രമണം; എട്ടാം ക്ലാസുകാരിയുടെ മുഖത്ത് അയല്‍വാസി ആസിഡ് ഒഴിച്ചു; വീടിനുള്ളില്‍ പിഞ്ചുബാലികയുടെ നിലവിളി; ക്രൂരത കാട്ടിയ 53-കാരന്‍ പിടിയില്‍

Update: 2026-01-17 08:17 GMT

പുല്‍പ്പള്ളി: സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് നേരെ വയോധികന്റെ ആസിഡ് ആക്രമണം. പുല്‍പ്പള്ളി മരകാവ് പ്രിയദര്‍ശിനി ഉന്നതിയിലെ മണികണ്ഠന്റെ മകള്‍ മഹാലക്ഷ്മിക്ക് (14) നേരെയാണ് അയല്‍വാസി ആസിഡ് ഒഴിച്ചത്. സംഭവത്തില്‍ വേട്ടറമ്മല്‍ രാജു ജോസിനെ (53) പുല്‍പ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ച വൈകുന്നേരം സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലെത്തിയ സമയത്താണ് പ്രതി പെണ്‍കുട്ടിയെ ആക്രമിച്ചത്. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പെണ്‍കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചത്. വേലിയമ്പം ദേവീവിലാസം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് മഹാലക്ഷ്മി.

ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ മുഖത്ത് സാരമായി പൊള്ളലേറ്റിട്ടുണ്ട്. മാനന്തവാടി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ നില ഗുരുതരമായതിനെ തുടര്‍ന്ന് രാത്രിയോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമല്ലെന്നും പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്നും പുല്‍പ്പള്ളി പോലീസ് അറിയിച്ചു.

Similar News