അത്താവലെയ്ക്ക് കേരളം എന്താണെന്ന് അറിയില്ല; എന്‍ഡിഎയില്‍ ചേര്‍ന്നാല്‍ മാത്രം കേന്ദ്രസഹായം എന്നത് ഭരണഘടനാ വിരുദ്ധം; കേന്ദ്രമന്ത്രിക്ക് മറുപടിയുമായി എം.വി ഗോവിന്ദന്‍
കേന്ദ്രമന്ത്രിക്ക് മറുപടിയുമായി എം.വി ഗോവിന്ദന്‍
കണ്ണൂര്‍ :കേന്ദ്ര സാമൂഹ്യനീതി വകുപ്പ് സഹ മന്ത്രി രാംദാസ് അത്താവലെയുടെ വിവാദ പരാമര്‍ശത്തില്‍ പ്രതികരിച്ച് സിപി. എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന് ഇനി കേന്ദ്രസഹായം ലഭിക്കണമെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടിയും എന്‍ഡിഎയുടെ ഭാഗമാകണമെന്നാണ് കേന്ദ്രമന്ത്രി പറഞ്ഞത്. കണ്ണൂര്‍ ഗ്രീന്‍ പാര്‍ക്ക് ഹോട്ടലില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു വിവാദ പരാമര്‍ശം.
ജനാധിപത്യ മൂല്യങ്ങളെയും ഇന്ത്യ ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥയെയും വെല്ലുവിളിക്കുന്ന പ്രസ്താവനയാണ് രാംദാസ് അത്താവലെ നടത്തിയതെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ചൂണ്ടിക്കാട്ടി. ഭരണഘടനാ വിരുദ്ധമായ നിലപാടാണിതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങളും കേന്ദ്രവും അടങ്ങുന്ന ഒരു ഫെഡറല്‍ സംവിധാനമാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്.
എന്നാല്‍ ഇതിന് വിരുദ്ധമായി, കേരളത്തിന് അവകാശപ്പെട്ട സഹായങ്ങള്‍ നല്‍കുന്നതിന് രാഷ്ട്രീയ ഉപാധികള്‍ വെക്കുന്നത് തെറ്റായ നടപടിയാണെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ലഭിക്കേണ്ട ഏകദേശം രണ്ട് ലക്ഷം കോടി രൂപയുടെ കുടിശ്ശികയാണ് കേന്ദ്രം വരുത്തിയിക്കുന്നത്.
അതേസമയം കേരളത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച് കേന്ദ്രമന്ത്രിക്ക് കൃത്യമായ ധാരണയില്ലെന്ന് എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു. ആര്‍എസ്എസ്, ബിജെപി തുടങ്ങിയ വര്‍ഗീയ ശക്തികള്‍ക്കെതിരെ ഓരോ ഇഞ്ചും പൊരുതിയാണ് കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ മുന്നേറുന്നത്. വര്‍ഗീയ ശക്തികള്‍ക്കെതിരായ ഈ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര മന്ത്രിസഭയിലെ ഒരു അംഗം തന്നെ ഇത്തരത്തില്‍ പരസ്യമായി സംസാരിക്കുന്നത് ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തിന് നേരെയുള്ള അതിശക്തിയായ കടന്നാക്രമണമാണ്. ഇത് നിയോഫാസിസത്തിലേക്കുള്ള യാത്രയുടെ ഭാഗമാണെന്നും ഭരണഘടനാ സ്ഥാപനങ്ങളെ ആര്‍എസ്എസിന്റെ ചൊല്‍പ്പടിക്ക് നിര്‍ത്താനുള്ള ശ്രമമാണെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിന് സഹായം വേണമെങ്കില്‍ മുഖ്യമന്ത്രി എന്‍ഡിഎയിലേക്ക് വരണമെന്ന അത്താവലെയുടെ ക്ഷണം ഇതിന്റെ തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജമാത്തെ ഇസ്ലാമി സെക്രട്ടറി ഷേഖ് മുഹമ്മദ് കാരക്കുന്നിന്റെ പ്രസ്താവനയില്‍ അത്ഭുതമില്ല. കാക്കയുടെ നിറം കറുപ്പാണെന്നത് പോലെ ജമാത്തെ ഇസ്ലാമിയുടെ അടിസ്ഥാനം മതരാഷ്ട്ര വാദമാണ്. ജമാത്ത് നേതാവിന്റെ പ്രസ്താവനയില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് ഇനി നിലപാട് വ്യക്തമാ ക്കെണ്ടതെന്നും എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. മന്ത്രി സജി ചെറിയാന്‍ പ്രസ്താവന വിവാദമായപ്പോള്‍ തിരുത്തിയതാണ് ഈ കാര്യത്തില്‍ തെറ്റുപറ്റിയോയെന്ന് സജി ചെറിയാനോട് ചോദിക്കണം.
ജമാത്തെ ഇസ്ലാമി വേദിയില്‍ എല്‍ഡിഎഫ്മന്ത്രിയും എം.എല്‍ എ യും പങ്കെടുത്തത് അവര്‍ക്കറിയാത്തതുകൊണ്ടാണ് അതിനെ കുറിച്ചു അവര്‍ തന്നെ വിശദീകരിച്ചിട്ടുണ്ട്. എസ് എന്‍ ഡി പി യും എന്‍ എസ് എസും തമ്മിലുള്ള ഐക്യത്തിന് പിന്നില്‍ സി.പി.എമ്മാണെന്ന് ചിലര്‍ ധ്വനിപ്പിക്കുകയാണ്. അതിന് ഞങ്ങള്‍ തലവെച്ചു കൊടുക്കില്ല എല്ലാ വിഭാഗം ജനങ്ങളും ഒരുമിച്ചു പോകണമെന്നാണ് സി.പി.എം നിലപാടെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞു.
