പിടൂകൂടിയത് മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍; കോവളത്ത് ടൂറിസ്റ്റുകളെ ലക്ഷ്യമിട്ട് നാലിരട്ടി വിലയ്ക്ക് ലഹരി വില്‍പ്പന
100കിലോ പുകയിലയും വിദേശ സിഗററ്റുകളും പിടൂകൂടി
തിരുവനന്തപുരം: കോവളം ലൈറ്റ്ഹൗസ് ബീച്ചിന് സമീപമുള്ള കടയില്‍ നിന്ന് 100 കിലോയോളം തൂക്കം വരുന്ന നിരോധിത ലഹരി ഉത്പന്നങ്ങള്‍ പിടികൂടി. രഹസ്യ വിവരത്തെ തുടര്‍ന്ന് ബുധനാഴ്ച രാത്രി 9.30-ഓടെ നടത്തിയ പരിശോധനയില്‍ മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന ലഹരി ഉത്പന്നങ്ങളും വിദേശ സിഗററ്റുകളുമാണ് പിടിച്ചെടുത്തത്.
കോവളത്ത് എത്തുന്ന വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടാണ് വില്‍പ്പന നടത്തിയിരുന്നത്. വിഴിഞ്ഞം ടൗണ്‍ഷിപ്പ് സ്വദേശിയായ ഹബീബ് (50) എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ കടയിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ സൂക്ഷിച്ചിരുന്നത്. കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന ഇത്തരം ഉല്‍പ്പന്നങ്ങള്‍ മൂന്ന് മുതല്‍ നാലിരട്ടി വരെ വിലയ്ക്കാണ് ഇയാള്‍ വിറ്റിരുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് പുറമെ, യാതൊരുവിധ രേഖകളുമില്ലാതെ എത്തിച്ച വിദേശ സിഗററ്റുകളും ഈ കടയില്‍ വില്‍ക്കുന്നുണ്ടെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജെ.എസ്. പ്രശാന്ത് അറിയിച്ചു.
നികുതി വെട്ടിപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കുന്നതിനായി ഈ വിവരം ജി.എസ്.ടി (GST) വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. എക്‌സൈസ് നെയ്യാറ്റിന്‍കര റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജെ.എസ്. പ്രശാന്തിന്റെ നേതൃത്വത്തില്‍ ബി. പ്രസന്നന്‍, ജി. അനീഷ്, അല്‍ത്താഫ്, ലാല്‍കൃഷ്ണ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയ്ക്കും അറസ്റ്റിനും നേതൃത്വം നല്‍കിയത്.