കുടുംബവഴക്ക്: അടുക്കളയില്‍ ജോലി ചെയ്തിരുന്ന മരുമകളെ പുറകിലൂടെ ചെന്ന് വെട്ടി; പിന്നാലെ എലിവിഷം കഴിച്ച് ജീവനൊടുക്കി 75കാരന്‍
മകന്റെ ഭാര്യയെ വടിവാൾ കൊണ്ട് വെട്ടി; പിന്നാലെ എലിവിഷം കഴിച്ചു ജീവനൊടുക്കി 75കാരൻ
കുഴല്‍മന്ദം: മകന്റെ ഭാര്യയെ വെട്ടിപ്പരുക്കേല്‍പിച്ച ശേഷം 75കാരന്‍ എലിവിഷം കഴിച്ചു ജീവനൊടുക്കി. മാത്തൂര്‍ പല്ലഞ്ചാത്തനൂര്‍ നടക്കാവ് ശോഭന നിവാസില്‍ രാധാകൃഷ്ണന്‍ (75) ആണു മരിച്ചത്. വെട്ടേറ്റ മരുമകള്‍ അമിതയെ (40) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബവഴക്കിനെ തുടര്‍ന്നാണ് ആക്രമണം. ഇന്നലെ രാവിലെ എട്ടേകാലോടെയായിരുന്നു സംഭവം. കുടുംബവഴക്കിനെത്തുടര്‍ന്ന് മരുമകള്‍ അമിതയുമായി അസ്വാരസ്യത്തിലായിരുന്ന രാധാകൃഷ്ണന്‍. അടുക്കളയിലെത്തി ജോലി ചെയ്തുകൊണ്ടിരുന്ന അമിതയെ (40) പിറകിലൂടെ പോയി വടിവാള്‍ കൊണ്ടു വെട്ടുകയായിരുന്നു.
സ്‌കൂള്‍ വാഹനത്തില്‍ മക്കളെ കയറ്റിവിട്ട ശേഷം അമിത അടുക്കളയിലെത്തി ജോലി ചെയ്യവെയാണ് ആക്രമണം ഉണ്ടായത്. രാധാകൃഷ്ണന്‍ വാകത്തിക്ക് വെട്ടാന്‍ ശ്രമിക്കുന്നത് കണ്ട് തടഞ്ഞ അമിതയുടെ ഇടതുകയ്യിലെ മൂന്നു വിരലുകള്‍ക്കാണു വെട്ടുകൊണ്ടത്. നിലവിളി കേട്ട്, പുറത്തുണ്ടായിരുന്ന രാധാകൃഷ്ണന്റെ ഭാര്യ ശോഭനയും ഓടിക്കൂടിയ പ്രദേശവാസികളും ചേര്‍ന്ന് അമിതയെ കണ്ണാടിയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയി. ഇതിനിടെ രാധാകൃഷ്ണന്‍ തൊട്ടടുത്തുള്ള പഴയ വീട്ടില്‍ കയറി വാതിലടച്ച് എലിവിഷം കഴിക്കുകയായിരുന്നു.
അമിതയെ ആശുപത്രിയിലെത്തിച്ച ശേഷമാണ് നാട്ടുകാര്‍ രാധാകൃഷ്ണനെ കാണാനില്ലെന്ന് മനസ്സിലാക്കിയത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ പഴയ വീട്ടിനകത്തു നിന്നു ഞരക്കം കേട്ടു. വാതില്‍ പൊളിച്ച് അകത്തു കടന്നപ്പോഴേക്കു രാധാകൃഷ്ണന്‍ അവശനിലയിലായിരുന്നു. ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇവര്‍ക്ക് ഒരേ വളപ്പില്‍ രണ്ടു വീടുകളുണ്ട്. തറവാട്ടു വീട്ടിലായിരുന്നു രാധാകൃഷ്ണന്‍ താമസം. രാധാകൃഷ്ണന്റെ ഭാര്യ ശോഭനയും മകന്‍ അശോകും ഭാര്യ അമിതയും മക്കളും പുതിയ വീട്ടിലാണ്. ഭക്ഷണം കഴിക്കാന്‍ മാത്രമാണു രാധാകൃഷ്ണന്‍ പുതിയ വീട്ടിലേക്കു പോകാറുള്ളത്. കോയമ്പത്തൂരില്‍ ഐടി ഉദ്യോഗസ്ഥനായ അശോക് സംഭവസമയത്ത് ജോലി സ്ഥലത്തായിരുന്നു.
കുഴല്‍മന്ദം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. സംസ്‌കാരം ഇന്നു രാവിലെ പത്തിനു പാമ്പാടി ഐവര്‍മഠം ശ്മശാനത്തില്‍. പരുക്കേറ്റ അമിത കുഴല്‍മന്ദം ഗുഡ് ഷെപ്പേഡ് ഇംഗ്ലിഷ് മീഡിയം സ്‌കൂളിലെ അധ്യാപികയാണ്.
