പ്രവാസിയുടെ ബാഗ് 'അടിച്ചുമാറ്റി' മുങ്ങിയ വിരുതനെ പൂട്ടാന്‍ പോലീസിന്റെ മിന്നല്‍ നീക്കം; സിസിടിവി ദൃശ്യങ്ങള്‍ പിന്‍തുടര്‍ന്ന് ഫോര്‍ട്ട് കൊച്ചിയില്‍ 'സര്‍പ്രൈസ്' എന്‍ട്രി; 12 മണിക്കൂറിനുള്ളില്‍ രേഖകള്‍ തിരിച്ചേല്‍പ്പിച്ചു; എസ്‌ഐ സാബു വര്‍ഗീസിന് പ്രശസ്തിപത്രം

മുങ്ങിയ വിരുതനെ പൂട്ടാന്‍ പോലീസിന്റെ മിന്നല്‍ നീക്കം

Update: 2026-01-27 17:32 GMT

കൊച്ചി: മെട്രോ ഫീഡര്‍ ബസില്‍ യാത്രയ്ക്കിടെ നഷ്ടപ്പെട്ട വിലപ്പെട്ട രേഖകളടങ്ങിയ ബാഗ് പ്രവാസിക്ക് മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടെത്തി നല്‍കി നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലെ പോലീസ് ലെയ്‌സണ്‍ ഓഫീസറും എസ് ഐ യുമായ സാബു വര്‍ഗീസും സംഘവും. സിസിടിവി ദൃശ്യങ്ങളും ഡിജിറ്റല്‍ തെളിവുകളും പിന്തുടര്‍ന്ന് നടത്തിയ കൃത്യമായ അന്വേഷണത്തിനൊടുവില്‍ ഫോര്‍ട്ട് കൊച്ചിയില്‍ നിന്നുമാണ് ബാഗ് കണ്ടെടുത്തത്.

നവംബര്‍ 17 തിങ്കളാഴ്ച രാവിലെയാണ് പത്തനംതിട്ട റാന്നി സ്വദേശി എബ്രഹാം മാത്യുവും കുടുംബവും നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്നും ആലുവയിലേക്ക് പോകുന്നതിനായി മെട്രോ ഫീഡര്‍ ബസ്സില്‍ കയറുന്നത്. യാത്രയ്ക്കിടയില്‍ എബ്രഹാമിന്റെ വിലപ്പെട്ട രേഖകളും മറ്റും അടങ്ങിയ ബാഗ് ബസില്‍ വെച്ച് നഷ്ടപ്പെടുകയായിരുന്നു. ആലുവയില്‍ എത്തിയപ്പോഴാണ് ബാഗ് നഷ്ടപ്പെട്ട വിവരം ഇദ്ദേഹം അറിയുന്നത്.

ഉടന്‍ തന്നെ ഫീഡര്‍ ബസ്സിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും, സഹയാത്രികനായിരുന്ന ഒരാള്‍ ബാഗ് കൈക്കലാക്കുന്നതും പിന്നീട് ആലുവയില്‍ ഇറങ്ങിപ്പോകുന്നതും വ്യക്തമായി. തുടര്‍ന്ന് എയര്‍പോര്‍ട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ കൂടി പരിശോധിച്ചതോടെ ഇയാള്‍ ഒരു സുഹൃത്തിനെ വിമാനത്താവളത്തില്‍ യാത്രയാക്കാന്‍ വന്നതാണെന്നും വിമാനത്താവളത്തില്‍ നിന്ന് തന്നെയാണ് ബസില്‍ കയറിയതെന്നും കണ്ടെത്തി

ഇയാള്‍ എയര്‍പോര്‍ട്ടിലേക്ക് എത്തിയ വാഹനത്തിന്റെ ഡ്രൈവറെ കണ്ടെത്തിയെങ്കിലും, യാത്രക്കാരനെ വ്യക്തിപരമായി അറിയില്ലെന്നായിരുന്നു മറുപടി. എന്നാല്‍, ഇയാളെ വാഹനത്തില്‍ കയറ്റിയ ലൊക്കേഷന്‍ ലഭിച്ചത് അന്വേഷണത്തില്‍ നിര്‍ണ്ണായകമായി. ഈ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ പ്രതിയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്ന് കണ്ടെത്തി. പിന്നീട് നടത്തിയ ഊര്‍ജ്ജിതമായ അന്വേഷണത്തില്‍ ഇയാള്‍ ഫോര്‍ട്ട് കൊച്ചിയിലുണ്ടെന്ന് സൂചന ലഭിച്ചു.


തുടര്‍ന്ന് ഇയാളുടെ സുഹൃത്തുക്കളെ കണ്ടെത്തുകയും അവര്‍ വഴി പ്രതിയെ ഫോര്‍ട്ട് കൊച്ചി പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയുമായിരുന്നു. നഷ്ടപ്പെട്ട് 12 മണിക്കൂറിനുള്ളില്‍ വൈകിട്ട് 7 മണിയോടെയാണ് ബാഗ് തിരിച്ച് കിട്ടി. കൃത്യമായ ആസൂത്രണത്തോടെ സമയബന്ധിതമായി ഉത്തരവാദിത്തത്തോടെ അന്വേഷണം നടത്തിയ എസ് ഐ സാബു വര്‍ഗീസിനെ കൊച്ചി മെട്രോക്ക് വേണ്ടി ലോക്‌നാഥ് ബെഹ്‌റയും കേരള പോലീസിന് വേണ്ടി ആലുവ റൂറല്‍ എസ് പി എം. ഹേമലതയും പ്രശസ്തി പത്രം നല്‍കി അഭിനന്ദിച്ചു.

Tags:    

Similar News