തുടര്‍ഭരണം ലക്ഷ്യമിട്ട് ജനകീയ ബജറ്റ്; ബാലഗോപാലിന്റെ ബജറ്റ് നാളെ നിയമസഭയില്‍; പ്രഖ്യാപനങ്ങളില്‍ കണ്ണുനട്ട് കേരളം
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് വര്‍ഷത്തിലേക്ക് കടക്കാനിരിക്കെ, ജനപ്രിയ പ്രഖ്യാപനങ്ങളുടെ പെരുമഴയുമായി സംസ്ഥാന ബജറ്റ് നാളെ. പിണറായി സര്‍ക്കാരിന്റെ കഴിഞ്ഞ പത്തു വര്‍ഷത്തെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ ലക്ഷ്യം വെച്ചും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നാളെ രാവിലെ ഒന്‍പതിന് തന്റെ ആറാമത്തെ ബജറ്റ് അവതരിപ്പിക്കും. രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ്ണ ബജറ്റാണിത്.
മുടങ്ങിക്കിടക്കുന്ന പെന്‍ഷന്‍ കുടിശ്ശിക തീര്‍ക്കലും പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കലും ബജറ്റിലെ പ്രധാന ഇനമായേക്കും. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം സംബന്ധിച്ച നിര്‍ണ്ണായക പ്രഖ്യാപനമുണ്ടാകും. പങ്കാളിത്ത പെന്‍ഷന് പകരമുള്ള പുനരവലോകനം ചെയ്ത പദ്ധതി പ്രഖ്യാപിക്കപ്പെട്ടേക്കാം. അനിശ്ചിതത്വം ബാക്കി ഫെബ്രുവരി ഒന്നിനാണ് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത്. അതിനു മുന്‍പേ സംസ്ഥാന ബജറ്റ് വരുന്നത് കൊണ്ടുതന്നെ കേന്ദ്ര വിഹിതം, ധനകാര്യ കമ്മീഷന്‍ ഗ്രാന്റുകള്‍, കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ എന്നിവയുടെ കൃത്യമായ കണക്ക് ഉള്‍പ്പെടുത്തുന്നതില്‍ അനിശ്ചിതത്വമുണ്ട്. കേന്ദ്ര ബജറ്റിന് ശേഷം ഈ കണക്കുകള്‍ പുതുക്കേണ്ടി വരും.
പ്രചാരണ ആയുധമാക്കാന്‍ സര്‍ക്കാര്‍ സര്‍ക്കാരിന്റെ സാമ്പത്തിക വളര്‍ച്ച വ്യക്തമാക്കുന്ന സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ഇന്ന് സഭയില്‍ വെക്കും. മൂന്നാം തവണയും അധികാരം പിടിക്കുക എന്ന ലക്ഷ്യത്തോടെ അവതരിപ്പിക്കുന്ന ഈ ബജറ്റിലെ പ്രഖ്യാപനങ്ങള്‍ വമ്പന്‍ പ്രചാരണ പരിപാടികളിലൂടെ ജനങ്ങളിലേക്ക് എത്തിക്കാനാണ് ഭരണപക്ഷത്തിന്റെ നീക്കം. സാമ്പത്തിക പ്രതിസന്ധിക്കിടയിലും വികസന കുതിപ്പിന് ഊന്നല്‍ നല്‍കുന്ന പദ്ധതികള്‍ക്ക് ബജറ്റില്‍ മുന്‍ഗണന ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.