'പി വി അന്‍വര്‍ ബേപ്പൂരില്‍ മത്സരിക്കും, ജയിക്കും'; യുഡിഎഫിന്റെ ആദ്യ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തി സണ്ണി ജോസഫ്; മണ്ഡലത്തില്‍ അനൗപചാരിക പ്രചാരണം തുടങ്ങി തൃണമൂല്‍ കോണ്‍ഗ്രസ്
കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പില്‍ ബേപ്പൂര്‍ മണ്ഡലത്തില്‍ പി വി അന്‍വര്‍ തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്ന് സ്ഥിരീകരിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ബേപ്പൂരില്‍ പി വി അന്‍വര്‍ പ്രചാരണം തുടങ്ങിയതിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം. ബേപ്പൂര്‍ എംഎല്‍എയായി പി വി അന്‍വര്‍ ജയിച്ച് വരും എന്നായിരുന്നു സണ്ണി ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ആദ്യ സ്ഥാനാര്‍ഥി പ്രഖ്യാപനമാണിത്. ബേപ്പൂരില്‍ അന്‍വര്‍ ജയിക്കുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. അന്‍വറിന്റെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസിനെ നേരത്തെ യുഡിഎഫ് അസോസിയേറ്റ് അംഗമാക്കിയിരുന്നു.
അതേസമയം ബേപ്പൂരില്‍ ഇതിനോടകം തന്നെ അന്‍വര്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തി വരുന്നുണ്ട്. യുഡിഎഫില്‍ നിന്ന് ഉറപ്പ് ലഭിച്ചതോടെയാണ് അന്‍വര്‍ ബേപ്പൂരില്‍ സജീവമായത്. ബേപ്പൂരില്‍ ഫ്ളക്സും ബോര്‍ഡുകളും സ്ഥാപിച്ചതിന് പിന്നാലെ അന്‍വര്‍ മണ്ഡലത്തില്‍ കഴിഞ്ഞ ദിവസം മുതല്‍ സജീവമായിരുന്നു.
ലീഗ് നേതാവ് എം സി മായിന്‍ ഹാജി ഉള്‍പ്പെടെ മണ്ഡലത്തിലെ പ്രമുഖരെ അന്‍വര്‍ നേരിട്ട് കണ്ട് പിന്തുണ തേടി. മന്ത്രി മുഹമ്മദ് റിയാസിനെതിരെ അന്‍വറിലൂടെ ശക്തമായ മത്സരം കാഴ്ചവെക്കാമെന്നാണ് യുഡിഎഫ് കണക്കുകൂട്ടല്‍. ഭരണവിരുദ്ധവികാരമുണ്ടായാല്‍ അത് പ്രതിഫലിക്കുന്ന മണ്ഡലമാകും ബേപ്പൂര്‍. അത് മുതലെടുക്കാന്‍ അന്‍വറിന് കഴിയുമെന്നാണ് യുഡിഎഫ് കണക്ക് കൂട്ടുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് 28,747 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച് മണ്ഡലമാണ് ബേപ്പൂര്‍. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും യുഡിഎഫിന് വലിയ നേട്ടമുണ്ടാക്കാനായി.
കേരളത്തിലും ബേപ്പൂരിലും എല്‍ഡിഎഫിനെതിരെ സുനാമി അടിക്കുമെന്ന് പിവി അന്‍വര്‍ പറഞ്ഞു. രാവിലെ ബേപ്പൂരിലെ ചാലിയം ഹാര്‍ബര്‍ സന്ദര്‍ശിച്ച അന്‍വര്‍ മത്സ്യതൊഴിലാളികളുമായി സംവദിച്ചു.
മണ്ഡലത്തിലെ സിറ്റിങ് എംഎല്‍എയും മന്ത്രിയുമായ മുഹമ്മദ് റിയാസിനെതിരെ അന്‍വര്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും ചെയ്തു.'മരുമോനായതിന്റെ ലഹരിയിലാണ് മുഹമ്മദ് റിയാസ്, വികസനം ജനങ്ങള്‍ക്ക് നേരിട്ട് അനുഭവപ്പെട്ടാല്‍ പിന്നെ ജാഥയുടെ ആവശ്യമില്ല, എംവി ഗോവിന്ദന്റെ വികസന ജാഥ മറ്റൊരു തട്ടിപ്പാണ്. യുഡിഎഫിന്റെ പുതുയുഗയാത്രയിലൂടെ എംവി ഗോവിന്ദന്റെ ജാഥയിലെ അവകാശവാദങ്ങള്‍ പൊളിയും' പി വി അന്‍വര്‍ പറഞ്ഞു. തൊഴിലാളികളെ കുറിച്ച് മുഹമ്മദ് റിയാസ് പ്രസംഗത്തില്‍പോലും പറയാറില്ല, ആകെ പറയുന്നത് ടൂറിസത്തെ കുറിച്ചാണെന്നും അന്‍വര്‍ വിമര്‍ശിച്ചു.
