ഗുരുദേവനെയും ആശാനെയും അപമാനിച്ചു; വെള്ളാപ്പള്ളിയുടേത് നവോത്ഥാന ചരിത്രത്തെ മായ്ച്ചുകളയുന്ന 'അധികാരവാദം'; ആര്‍.സി. രാജീവ് ദാസിന്റെ രൂക്ഷവിമര്‍ശനം ഇങ്ങനെ

Update: 2026-02-02 06:59 GMT

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിവാദ പ്രസ്താവനയ്‌ക്കെതിരെ ശക്തമായ പ്രതികരണവുമായി ഗുരുദേവ സര്‍വ്വീസ് സൊസൈറ്റ് പ്രസിഡന്റ് ആര്‍.സി. രാജീവ് ദാസ്. താന്‍ ജനറല്‍ സെക്രട്ടറി ആയതിന് ശേഷമാണ് ഈഴവര്‍ക്ക് വില കിട്ടിയതെന്നും അതുവരെ 'പട്ടിയുടെ വില' പോലും ഉണ്ടായിരുന്നില്ലെന്നുമുള്ള വെള്ളാപ്പള്ളിയുടെ വാക്കുകള്‍ കേരളത്തിന്റെ നവോത്ഥാന ചരിത്രത്തോടുള്ള പരസ്യമായ അവഹേളനമാണെന്ന് അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ശ്രീനാരായണ ഗുരുദേവന്‍, മഹാകവി കുമാരനാശാന്‍, ടി.കെ. മാധവന്‍, ആര്‍. ശങ്കര്‍ തുടങ്ങിയ മഹാരഥന്മാര്‍ കെട്ടിപ്പടുത്ത സാമൂഹിക ആത്മാഭിമാനത്തെ ഒരു വ്യക്തിയുടെ സംഘടനാ പദവിയിലേക്ക് ചുരുക്കുന്നത് ചരിത്രത്തോടുള്ള നീതികേടാണെന്ന് ആര്‍ സി രാജീവ് പറഞ്ഞു.

ആര്‍ സി രാജീവ് ദാസിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ചുവടെ

വെള്ളാപള്ളിയുടെത് ചരിത്രത്തെ അപമാനിക്കുന്ന വാക്കുകള്‍:

ഗുരുദേവനും കുമാരനാശാനും 'വിലയില്ലാത്തവര്‍' ആയിരുന്നോ?

നവോത്ഥാന ചരിത്രത്തെ മായ്ച്ചുകളയുന്ന പ്രസ്താവനയാണ് കെയര്‍ ടേക്കര്‍ ആയ SNDP യോഗം ജനറല്‍ സെക്രട്ടറി നടത്തിയിരിക്കുന്നത്

താന്‍ ജനറല്‍ സെക്രട്ടറി ആയതിന് ശേഷമാണ് ഈഴവര്‍ക്കു വില കിട്ടിയത് അതുവരെ പട്ടിയുടെ വില പോലും ഉണ്ടായിരുന്നില്ല എന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന, വെറും വിവാദവാക്കല്ല. അത് കേരളത്തിന്റെ നവോത്ഥാന ചരിത്രത്തോടുള്ള പരസ്യമായ അവഹേളനമാണ്. ഒരു സമുദായത്തിന്റെ സാമൂഹിക അഭിമാനം ഒരു വ്യക്തിയുടെ സംഘടനാ പദവിയില്‍ നിന്നാണ് ആരംഭിച്ചതെന്ന വാദം, ചരിത്രത്തെ വളച്ചൊടിക്കുന്ന രാഷ്ട്രീയ വാചകമായി മാത്രം വായിക്കാനാവും.

ഈഴവ സമൂഹത്തിന് 'വില' ലഭിച്ചത് ഒരു സംഘടനാ ജനറല്‍ സെക്രട്ടറിയുടെ കാലത്താണെന്ന അവകാശവാദം, ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശനത്തോട് നീതികേടാണ് കാട്ടിയതെന്ന് പറയാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.ഗുരുദേവന്‍ ജീവിച്ച കാലഘട്ടത്തില്‍ തന്നെ ഈഴവ സമൂഹം കേരളത്തിന്റെ സാമൂഹിക മനസ്സാക്ഷിയില്‍ ഇടം നേടിയിരുന്നു. ജാതിവ്യവസ്ഥയുടെ കെട്ടുകളെ നേരിട്ട് ചോദ്യം ചെയ്ത ആ ദര്‍ശനമാണ് ഇന്നത്തെ സമൂഹത്തിന് ആത്മാഭിമാനവും സ്വയംബോധവും നല്‍കിയത്. അതിനെ 'വിലയില്ലാത്ത കാലം' എന്ന് വിശേഷിപ്പിക്കുന്നത്, നവോത്ഥാനത്തെ തന്നെ അപമാനിക്കുന്ന ഭാഷയാണ്.

കുമാരനാശന്റെ കവിതകള്‍

സാമൂഹിക ബോധോദയത്തിന്റെ തീപ്പൊരികളായിരുന്നു.

ടി. കെ. മാധവന്‍ നയിച്ച വൈക്കം സത്യാഗ്രഹം കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക ചരിത്രത്തില്‍ വഴിത്തിരിവായിരുന്നു. SNDP യോഗത്തിന്റെ നേതാവായിരുന്ന

ആര്‍. ശങ്കര്‍ മുഖ്യമന്ത്രിയായത്,

ഈഴവ സമൂഹത്തിന്റെ രാഷ്ട്രീയ അംഗീകാരത്തിന്റെ ശക്തമായ അടയാളവുമായിരുന്നു. ഇവയെല്ലാം ഒരു വ്യക്തിയുടെ സംഘടനാ പദവിക്ക് മുമ്പുള്ള 'അവഗണനയുടെ കാലം' ആയി ചിത്രീകരിക്കുന്നത്, ചരിത്രത്തെ മായ്ച്ചുകളയുന്ന അധികാരവാദമാണ്.

നേതൃത്വം ചരിത്രത്തിന്റെ തുടക്കമല്ല.

അത് ചരിത്രത്തിന്റെ തുടര്‍ച്ചയാണ്. ഒരു സംഘടനയുടെ ശക്തി അതിന്റെ പദവികളില്‍ നിന്നല്ല; അത് ഉയര്‍ന്നത് സമൂഹം നല്‍കിയ വിശ്വാസത്തില്‍ നിന്നാണ്. ആ വിശ്വാസത്തിന്റെ അടിസ്ഥാനം ഗുരുദേവനും നവോത്ഥാന നേതാക്കളും പടുത്തുയര്‍ത്തിയ മൂല്യങ്ങളാണ്. ആ പാരമ്പര്യത്തെ ചെറുതാക്കിക്കൊണ്ട് ഒരു സംഘടനയെയും ഒരു നേതാവിനെയും ഉയര്‍ത്തിക്കാട്ടാനാവില്ല.

വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന, ഈഴവ സമൂഹത്തെ ഉയര്‍ത്തുന്നതല്ല മറിച്ച് അവരുടെ ചരിത്രത്തെ അപമാനിച്ചുകൊണ്ട് ഇന്നത്തെ അധികാരത്തെ മഹത്വവല്‍ക്കരിക്കാനുള്ള ശ്രമമാണ് വെള്ളാപ്പള്ളി നടത്തുന്നത്.

ഇത് ഗുരുദേവ നിന്ദയായി വായിക്കപ്പെടുന്നത് അതുകൊണ്ടുതന്നെയാണ്. നവോത്ഥാനം വ്യക്തികളുടെ പദവികളാല്‍ അളക്കപ്പെടുന്ന ഒന്നല്ല; അത് സമൂഹത്തിന്റെ ചിന്താമാറ്റമാണ്.

കേരളത്തിന്റെ നവോത്ഥാന ചരിത്രം ഒരാളുടെ കൈയൊപ്പില്‍ തുടങ്ങിയതല്ല. അത് ത്യാഗത്തിന്റെയും ധൈര്യത്തിന്റെയും ദര്‍ശനത്തിന്റെയും കൂട്ടായ പൈതൃകമാണ്. ആ പൈതൃകത്തെ 'വില' എന്ന പദത്തില്‍ ചുരുക്കുന്ന ഭാഷ, നവോത്ഥാന കേരളത്തിന് അംഗീകരിക്കാനാവില്ല.

പദവികള്‍ മാറും.

സംഘടനകള്‍ മാറും.

അധികാരം കൈമാറപ്പെടും.

എന്നാല്‍ ഗുരുദേവനും, കുമാരനാശനും,

ടി. കെ. മാധവനും, ആര്‍. ശങ്കറും കേരളത്തിന് നല്‍കിയ സാമൂഹിക

ദിശാബോധം മാറ്റാനാവില്ല.ഗു ഗുരുദേവന്നെയും,ഡോ.പല്പുവിനെയും, കുമാരനാശാനെയും, ആര്‍. ശങ്കറെയും,

നവോത്ഥാനത്തെയും അപമാനിക്കുന്ന വെള്ളാപ്പള്ളി നടേശന്റെ തരംതാണ വാക്കുകള്‍ക്ക് ഈഴവരുടെ

മൗനം പിന്തുണയാകരുത്.

ചരിത്രത്തെ സംരക്ഷിക്കുന്നത് വ്യക്തികളെയല്ല -

മൂല്യങ്ങളെയാണ്.

Rajeev R C

Voice of Humanity | The Voice of Kerala

Similar News