ശബരമല സ്വര്‍ണ്ണക്കൊള്ളയില്‍ സഭ പ്രക്ഷുബ്ധം; 'മന്ത്രിമാരെ വിരട്ടാന്‍ നോക്കേണ്ട'; പ്രതിപക്ഷത്തിന് നേരെ ആഞ്ഞടിച്ച് വി. ശിവന്‍കുട്ടി; സഭ ബഹിഷ്‌കരിച്ച് വി.ഡി. സതീശനും സംഘവും

Update: 2026-02-02 07:03 GMT

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസിനെച്ചൊല്ലി നിയമസഭയില്‍ ഇന്നും ഭരണ-പ്രതിപക്ഷ പോര്. വിഷയത്തില്‍ സര്‍ക്കാരിനെ കടന്നാക്രമിക്കാന്‍ ശ്രമിച്ച പ്രതിപക്ഷവും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും തമ്മില്‍ കടുത്ത വാക്‌പോര് അരങ്ങേറി. സ്വര്‍ണ്ണക്കൊള്ളയുടെ പേര് പറഞ്ഞ് ഭരണപക്ഷത്തെ വിരട്ടാന്‍ വരേണ്ടെന്ന് മന്ത്രി ശിവന്‍കുട്ടി താക്കീത് നല്‍കി.

'ഞങ്ങള്‍ ഓടുപൊളിച്ച് ഇറങ്ങിവന്നവരല്ല, തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചവരാണ്. സഭയില്‍ മുദ്രാവാക്യം വിളിച്ചോളൂ, പക്ഷേ മന്ത്രിമാരെ ഭീഷണിപ്പെടുത്താന്‍ നോക്കേണ്ട. സ്വര്‍ണ്ണക്കള്ളന്മാര്‍ പോയത് സോണിയ ഗാന്ധിയെ കാണാനാണ്' എന്ന് മന്ത്രി പരിഹസിച്ചതോടെ സഭയില്‍ പ്രതിഷേധം ഇരമ്പിച്ചു.

മന്ത്രിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച് പുറത്തിറങ്ങി. പുറത്ത് മാധ്യമങ്ങളെ കണ്ട പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സര്‍ക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. ജയിലില്‍ കഴിയുന്ന പാര്‍ട്ടി ക്രിമിനലുകള്‍ക്ക് വഴിവിട്ട രീതിയില്‍ പരോള്‍ നല്‍കുന്നുവെന്നും അവര്‍ക്ക് ജയിലില്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ലഭിക്കുന്നുണ്ടെന്നും സതീശന്‍ ആരോപിച്ചു.

'ജയിലിലിരുന്ന് ക്വട്ടേഷന്‍ നടത്തുന്ന ഇവര്‍ക്ക് മദ്യവും ഭക്ഷണവും എത്തുന്നതിനൊപ്പം കൈക്കൂലി നല്‍കാനുള്ള പണം പോലും പാര്‍ട്ടി എത്തിച്ചുനല്‍കുന്നു. പ്രതികളെ സി.പി.എം നേതാക്കള്‍ക്ക് പേടിയാണ്, അതുകൊണ്ടാണ് ഈ ഗൗരവമേറിയ വിഷയത്തില്‍ സഭയില്‍ ചര്‍ച്ച അനുവദിക്കാത്തത്' എന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

ഭരണപക്ഷം പ്രതിപക്ഷത്തെ പരിഹസിച്ചും പ്രതിപക്ഷം സര്‍ക്കാരിനെതിരായ അഴിമതിയും ക്രിമിനല്‍ ബന്ധങ്ങളും ഉന്നയിച്ചും രംഗത്തെത്തിയതോടെ നിയമസഭ സമാനതകളില്ലാത്ത വാക്‌പോരിനാണ് ഇന്ന് സാക്ഷ്യം വഹിച്ചത്. ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട സത്യങ്ങള്‍ മറച്ചുവെക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം ആവര്‍ത്തിച്ചു.

Similar News