കൂടല്‍മാണിക്യത്തില്‍ 'കഴകം' ആചാരമോ ഭരണപരമോ? തന്ത്രിമാര്‍ സുപ്രീം കോടതിയിലേക്ക്; ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യം
തൃശൂര്‍: ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രത്തിലെ കഴകം നിയമനത്തെച്ചൊല്ലിയുള്ള തര്‍ക്കം സുപ്രീം കോടതിയിലേക്ക്. കഴകം നിയമനം പാരമ്പര്യ അവകാശമാണോ അതോ സിവില്‍ കോടതി തീരുമാനിക്കേണ്ട ഭരണപരമായ കാര്യമാണോ എന്ന ഹൈക്കോടതി വിധിക്കെതിരെ ക്ഷേത്രത്തിലെ അഞ്ച് തന്ത്രിമാരാണ് പരമോന്നത കോടതിയെ സമീപിച്ചത്. കഴകം ജോലി എന്നത് വെറുമൊരു ഭരണപരമായ കാര്യമോ മതേതര സ്വഭാവമുള്ളതോ അല്ലെന്നും, അത് പൂര്‍ണ്ണമായും മതപരവും ആത്മീയവുമായ ഒന്നാണെന്നുമാണ് തന്ത്രിമാരുടെ വാദം. ആരാധനാമൂര്‍ത്തിക്ക് ചാര്‍ത്തേണ്ട മാല ഉള്‍പ്പെടെ തയ്യാറാക്കുന്ന പാരമ്പര്യ കഴകം ജോലികള്‍ ചെയ്യാനുള്ള അവകാശം തെക്കേ വാര്യം കുടുംബാംഗങ്ങള്‍ക്കാണെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.
ഹൈക്കോടതി വിധി തങ്ങളുടെ കുടുംബത്തിന് പാരമ്പര്യമായി ലഭിച്ച അവകാശത്തിലേക്കുള്ള കടന്നുകയറ്റമാണെന്ന് ചൂണ്ടിക്കാട്ടിയ തന്ത്രിമാര്‍, വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. 2005-ലെ കൂടല്‍മാണിക്യ ദേവസ്വം ആക്ട് പ്രകാരം ക്ഷേത്ര ഭരണസമിതിയിലെ നിയമനങ്ങളില്‍ തന്ത്രിമാരുടെ സാന്നിധ്യം അനിവാര്യമാണ്. എന്നാല്‍ ഈ വ്യവസ്ഥ ലംഘിച്ചുകൊണ്ടാണ് കഴകം നിയമനത്തിനുള്ള പട്ടിക തയ്യാറാക്കിയതെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. നേരത്തെ ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് തയ്യാറാക്കിയ റാങ്ക് ലിസ്റ്റില്‍ ഒന്നാം സ്ഥാനക്കാരനായിരുന്ന ബി.എ. ബാലു രാജിവച്ച ഒഴിവിലേക്ക് ചേര്‍ത്തല സ്വദേശി കെ.എസ്. അനുരാഗിനെ നിയമിച്ചിരുന്നു. ഈ നിയമന നീക്കങ്ങള്‍ ആചാരപരമായ ലംഘനമാണെന്നാണ് തന്ത്രിമാരുടെ പക്ഷം.
കഴകം എന്നത് ആചാരപരമായ പ്രവൃത്തിയാണോ എന്നത് തെളിവുകളുടെ അടിസ്ഥാനത്തില്‍ സിവില്‍ കോടതിയാണ് തീരുമാനിക്കേണ്ടതെന്നായിരുന്നു ഹൈക്കോടതിയുടെ മുന്‍പത്തെ നിരീക്ഷണം. ഈ ഉത്തരവ് പാരമ്പര്യ ആചാരങ്ങളെ ഹനിക്കുന്നതാണെന്ന് കാട്ടിയാണ് തന്ത്രിമാര്‍ ഇപ്പോള്‍ സുപ്രീം കോടതിയെ അഭയം പ്രാപിച്ചിരിക്കുന്നത്. കേസില്‍ സുപ്രീം കോടതി സ്വീകരിക്കുന്ന നിലപാട് കേരളത്തിലെ മറ്റ് ക്ഷേത്രങ്ങളിലെ പാരമ്പര്യ അവകാശ തര്‍ക്കങ്ങളിലും നിര്‍ണ്ണായകമായേക്കാം.