ഉമാ തോമസിന്റേയും പി.ടി തോമസിന്റേയും മകന്‍ വിവേക് തോമസ് വിവാഹിതനാകുന്നു; വധു അഡ്വ. ആഗ്‌ന ജോയ്; വിവരം പങ്കുവച്ച് ഉമാ തോമസിന്റെ ഫേസ്ബുക്ക് കുറിപ്പ്
കൊച്ചി: ഉമാ തോമസ് എംഎല്‍എയുടേയും അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി.ടി. തോമസിന്റേയും മകന്‍ അഡ്വ. വിവേക് തോമസ് വിവാഹിതനാവുന്നു. അഡ്വ. ആഗ്‌ന ജോയ് ആണ് വധു. തൃശ്ശൂര്‍ ഗവ. ലോ കോളേജില്‍ വിവേകിന്റെ ജൂനിയറായിരുന്നു വധു ആഗ്‌ന. ഉമാ തോമസ് എംഎല്‍എയാണ് വിവരം സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ശനിയാഴ്ച തൃശ്ശൂര്‍ ലൂര്‍ദ്ദ് സെന്റിനറി ഹാളില്‍ വിവാഹനിശ്ചയം നടക്കും.
തൃശ്ശൂര്‍ ഗവ. ലോ കോളേജില്‍ വിവേകിന്റെ ജൂനിയറായിരുന്നു വധു ആഗ്‌നയെന്നും പഠനവും, പ്രൊഫഷനും, ജീവിതവും ഒരുമിച്ചാകാമെന്ന രണ്ടു പേരുടേയും ഇഷ്ടത്തോട് എല്ലാവരും സന്തോഷത്തോടെ ചേരുന്നുവെന്നും എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചു. പി.ടി. തോമസിന്റേയും ഉമാ തോമസിന്റേയും രണ്ടുമക്കളില്‍ ഇളയവനാണ് വിവേക് തോമസ്.
'തൃശ്ശൂര്‍ ഗവ. ലോ കോളേജില്‍ വിവേകിന്റെ ഒരു വര്‍ഷം ജൂനിയറായിരുന്നു ആഗ്ന. പഠനവും പ്രൊഫഷനും ജീവിതവും ഒരുമിച്ചാകാമെന്ന രണ്ടുപേരുടേയും ഇഷ്ടത്തോട് എല്ലാവരും സന്തോഷത്തോടെ ചേരുന്നു. തൃശ്ശൂര്‍ കണിമംഗലം അനോക്കാരന്‍ വീട്ടില്‍ ജോയ് ജോണിന്റേയും സലോമിയുടെയും മകളാണ് ആഗ്ന. നാളെ, തൃശ്ശൂര്‍ ലൂര്‍ദ്ദ് സെന്റിനറി ഹാളിലെ ലളിതമായ ചടങ്ങില്‍ വിവാഹ നിശ്ചയം. എല്ലാവരുടേയും അനുഗ്രഹം വേണം പ്രിയ മക്കള്‍ക്ക്', ഉമാ തോമസ് ഫേസ്ബുക്കില്‍ കുറിച്ചു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായിരുന്ന പി.ടി. തോമസ് അര്‍ബുദ ചികിത്സയ്ക്കിടെയാണ് അന്തരിച്ചത്. കെപിസിസി വര്‍ക്കിങ് പ്രസിഡന്റും മുന്‍ എം.പിയുമായിരുന്നു.