സ്വര്‍ണക്കൊള്ള: സന്നിധാനം വീണ്ടും പരിശോധനാ മുനയില്‍; സ്വര്‍ണപ്പാളികളുടെ സാമ്പിള്‍ ശേഖരിക്കാന്‍ അന്വേഷണസംഘം ശബരിമലയിലേക്ക്
പത്തനംതിട്ട: ശബരിമലയിലെ സ്വര്‍ണക്കൊള്ള കേസില്‍ നിര്‍ണ്ണായക തെളിവുകള്‍ തേടി പ്രത്യേക അന്വേഷണ സംഘം വീണ്ടും സന്നിധാനത്തെത്തി. ഉച്ചയ്ക്ക് പമ്പയിലെത്തിയ സംഘം അവലോകന യോഗത്തിന് ശേഷം മലകയറി. ശ്രീകോവിലിന് ചുറ്റും പതിപ്പിച്ചിട്ടുള്ള സ്വര്‍ണപ്പാളികളുടെ സാമ്പിളുകള്‍ ശേഖരിക്കുകയാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം.
മാസപൂജയ്ക്കായി നട തുറക്കുന്നതിനാല്‍ ഭക്തര്‍ക്ക് തടസ്സമില്ലാത്ത രീതിയില്‍, വെള്ളി, ശനി ദിവസങ്ങളില്‍ നട അടച്ച ശേഷമായിരിക്കും സാമ്പിളുകള്‍ ശേഖരിക്കുക. ലീഗല്‍ മെട്രോളജി വിഭാഗത്തിലെ സ്വര്‍ണ പരിശോധനാ വിദഗ്ധരും സംഘത്തോടൊപ്പമുണ്ട്. നേരത്തെ നടത്തിയ പരിശോധനകളില്‍ തട്ടിപ്പിന്റെ കൃത്യമായ ആഴം കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെയുള്ള ഈ നീക്കം.
ശേഖരിക്കുന്ന സാമ്പിളുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായി ഈ പരിശോധനാ ഫലം കേസില്‍ അതിനിര്‍ണ്ണായകമാകും.