ഓട്ടോയിടിപ്പിച്ച് പരിക്കേല്‍പ്പിച്ചതിന്റെ ചികിത്സാച്ചെലവ് നല്‍കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു; യുവാവിനെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ ശേഷം നെഞ്ചില്‍ കത്തിക്ക് കുത്തി പരിക്കേല്‍പ്പിച്ചു: പ്രതിക്ക് ആറുവര്‍ഷം കഠിനതടവും 15,000 രൂപ പിഴയും
നെഞ്ചിൽ കത്തി കുത്തിയിറക്കി; പ്രതിക്ക് 6 വർഷം തടവ് ശിക്ഷ
ആലപ്പുഴ: യുവാവിന്റെ നെഞ്ചില്‍ കത്തിക്ക് കുത്തി പരിക്കേല്‍പ്പിച്ച കേസില്‍ പ്രതിക്ക് ആറുവര്‍ഷം കഠിനതടവും 15,000 രൂപ പിഴയും ശിക്ഷ. കണ്ടല്ലൂര്‍ മുണ്ടിയത്ത് കിഴക്കതില്‍ വീട്ടില്‍ അഷറഫിനെയാണ് മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി മൂന്ന് ജഡ്ജി പൂജ പി പി ആറ് വര്‍ഷം തടവിനും പിഴയ്ക്കും ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒന്നരവര്‍ഷം കൂടി കഠിനതടവ് അനുഭവിക്കണം.
പരാതിക്കാരനായ കായംകുളം കീരിക്കാട് സ്വദേശി അഷറഫിനെയാണ് പ്രതി വീട്ടിലേക്ക് വിളിച്ചുവരുത്തി മാരകമായി നെഞ്ചില്‍ കുത്തിപ്പരിക്കേല്‍പ്പിച്ചത്. അഷ്‌റഫിനെ പ്രതി ഓട്ടോയിടിപ്പിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. ഇതിന്റെ ചികിത്സാച്ചെലവ് നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം വീട്ടിലേക്ക് വിളിച്ചുവരുത്തി നെഞ്ചില്‍ കുത്തിപ്പരിക്കേല്‍പ്പിക്കുക ആയിരുന്നു. കനകക്കുന്ന് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. 2019 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം.
കനകക്കുന്ന് പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ ശ്രീകാന്ത് എസ് നായര്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച കേസിലാണിത്. അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ഷിബു കെ വി, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ശ്രീജിത്ത് എന്നിവരും അന്വേഷണത്തില്‍ പങ്കാളികളായി. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ കെ സജികുമാര്‍ ഹാജരായി.