നവകേരള നിര്‍മിതിക്ക് വഴികാട്ടിയായി അഞ്ചാമത് അന്താരാഷ്ട്ര കേരള പഠനകോണ്‍ഗ്രസിന് തുടക്കം; ലക്ഷ്യം കേരളത്തിന്റെ ഭാവി വികസനം
തിരുവനന്തപുരം: കേരളത്തിന്റെ ഭാവി വികസനത്തിന് പുത്തന്‍ ദിശാബോധം നല്‍കുന്ന അഞ്ചാമത് അന്താരാഷ്ട്ര കേരള പഠനകോണ്‍ഗ്രസിന് തലസ്ഥാനത്ത് തുടക്കം. എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പഠനകോണ്‍ഗ്രസ് ഇന്ന് രാവിലെ എകെജി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവന്‍, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി തുടങ്ങിയ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.
രണ്ടു ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ വിവിധ വിഷയങ്ങളിലായി 46 ചര്‍ച്ചാസമ്മേളനങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. എകെജി പഠന ഗവേഷണ കേന്ദ്രം, ഹസന്‍ മരയ്ക്കാര്‍ ഹാള്‍, യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളിലെ 18 വേദികളിലായി ഏകദേശം 3000 പ്രതിനിധികള്‍ ഈ സംവാദങ്ങളുടെ ഭാഗമാകും. കേരളത്തിന്റെ വികസനാനുഭവത്തിന്റെ അന്താരാഷ്ട്രപ്രാധാന്യം, മതേതരവും പുരോഗമനാത്മകവുമായ സംസ്‌കാരം, കേരളത്തിന് ഒരു ശാസ്ത്രസാങ്കേതികനയം, പതിനാറാം ധനകാര്യ കമീഷന്റെ അവാര്‍ഡ് എന്നീ വിഷയങ്ങളില്‍ സിമ്പോസിയം നടക്കും.
കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് പുലര്‍ത്തുന്ന രാഷ്ട്രീയ വിവേചനവും സാമ്പത്തിക ഉപരോധങ്ങളും ചര്‍ച്ചകളില്‍ പ്രധാന വിഷയമാകും. പ്രതിസന്ധികളെ മറികടന്ന് മുന്നേറാനുള്ള ബദല്‍ വികസന നയരൂപീകരണത്തിനാണ് സമ്മേളനം ഊന്നല്‍ നല്‍കുന്നത്. ഞായറാഴ്ച പകല്‍ രണ്ടിന് എകെജി ഹാളില്‍ നടക്കുന്ന സമാപന സമ്മേളനം സിപിഐ എം ജനറല്‍ സെക്രട്ടറി എം എ ബേബി ഉദ്ഘാടനം ചെയ്യും.