സംസ്ഥാനത്ത് യുവി ഇന്‍ഡക്‌സ് ഉയരുന്നു: മൂന്നാറില്‍ സൂചിക 10 രേഖപ്പെടുത്തി; ജാഗ്രതാ നിര്‍ദ്ദേശവുമായി ദുരന്തനിവാരണ അതോറിറ്റി

Update: 2026-02-21 06:50 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക(10) മൂന്നാറില്‍ രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെടുത്തപ്പെട്ട കണക്കനുസരിച്ച് മൂന്നാര്‍, ചങ്ങനാശ്ശേരി, ചെങ്ങന്നൂര്‍, കോന്നി എന്നിവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും മാനന്തവാടി, ബേപ്പൂര്‍,പൊന്നാനി, തൃത്താല, ഒല്ലൂര്‍, കൊട്ടാരക്കര എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകും. ആയതിനാല്‍ പൊതുജനങ്ങള്‍ വിവിധ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു

നിര്‍ദ്ദേശങ്ങള്‍

പകല്‍ 10 മണി മുതല്‍ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാല്‍ ആ സമയങ്ങളില്‍ കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കുക.

പുറം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, കടലിലും ഉള്‍നാടന്‍ മല്‍സ്യബന്ധനത്തിലും ഏര്‍പ്പെടുന്ന മത്സ്യത്തൊഴിലാളികള്‍, ജലഗതാഗതത്തിലേര്‍പ്പെടുന്നവര്‍, ബൈക്ക് യാത്രക്കാര്‍, വിനോദസഞ്ചാരികള്‍, ചര്‍മരോഗങ്ങളുള്ളവര്‍, നേത്രരോഗങ്ങളുള്ളവര്‍, ക്യാന്‍സര്‍ രോഗികള്‍, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങള്‍ തുടങ്ങിയവര്‍ പ്രത്യേകം ജാഗ്രത പാലിക്കണം.

പകല്‍ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോള്‍ തൊപ്പി, കുട, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കാന്‍ ശ്രമിക്കുക. ശരീരം മുഴുവന്‍ മറയുന്ന കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതായിരിക്കും ഉചിതം.

യാത്രകളിലും മറ്റും ഇടവേളകളില്‍ തണലില്‍ വിശ്രമിക്കാന്‍ ശ്രമിക്കുക.

മലമ്പ്രദേശങ്ങള്‍, ഉഷ്ണമേഖല പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ പൊതുവെ യുവി സൂചിക ഉയര്‍ന്നതായിരിക്കും. ആയതിനാല്‍ ഇവിങ്ങളില്‍ താമസിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം.

Similar News