ഷിബു ബേബി ജോണ്‍ ആര്‍എസ്പി സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു; എ എ അസീസിന് പകരം ചുമതല; കാര്‍ത്തിക് പ്രേമചന്ദ്രന്‍ മത്സരിച്ചേക്കും
കൊല്ലം: ആര്‍എസ്പി സംസ്ഥാന സെക്രട്ടറി സ്ഥാനം ഷിബു ബേബി ജോണ്‍ രാജി വച്ചു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സാഹചര്യത്തിലാണ് താല്‍ക്കാലികമായി സ്ഥാനം ഒഴിഞ്ഞത്. ചവറയിലാകും ഷിബു ബേബി ജോണ്‍ സ്ഥാനാര്‍ത്ഥിയാവുക. മുന്‍ സംസ്ഥാന സെക്രട്ടറി എ എ അസീസിനാണ് തെരഞ്ഞെടുപ്പ് കാലത്ത് സെക്രട്ടറി ചുമതല നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ തവണ ഇടത് സ്ഥാനാര്‍ത്ഥി സുജിത് വിജയന്‍ പിള്ളയോട് ചവറയില്‍ മത്സരിച്ച് ഷിബു ബേബി ജോണ്‍ പരാജയപ്പെട്ടിരുന്നു. അതിന് മുമ്പ് സുജിത്തിന്റെ പിതാവ് വിജയന്‍ പിള്ളയോടും ഷിബു പരാജയമേറ്റു വാങ്ങി.
ആര്‍ എസ് പി സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സീറ്റുകള്‍ വച്ചു മാറുന്നതില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായി തിങ്കളാഴ്ച ചര്‍ച്ച നടക്കും. ഇടുക്കിയില്‍ വച്ചാണ് ചര്‍ച്ച. മണ്ഡലം കമ്മിറ്റികള്‍ 24ന് ചേരും. ജില്ലയില്‍ ആര്‍ എസ് പിയുടെ മറ്റൊരു സീറ്റായ ഇരവിപുരത്ത് രണ്ട് പേരുകളാണ് പരിഗണനയിലുള്ളത്. കാര്‍ത്തിക് പ്രേമചന്ദ്രന്‍ , സജി ഡി ആനന്ദ് എന്നിവരാണ് പരിഗണനയില്‍. മണ്ഡലം കമ്മറ്റിയില്‍ ഭൂരിപക്ഷം നേടിയാല്‍ കാര്‍ത്തിക് സ്ഥാനാര്‍ത്ഥിയാകും.