'മതനിരപേക്ഷ ഇന്ത്യയുടെ കരുത്തുറ്റ പ്രതീകം'; കോണ്‍ഗ്രസ് മറന്ന എഹ്‌സാന്‍ ജാഫ്രിയെ അനുസ്മരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ഗുജറാത്ത് വംശഹത്യയുടെ ഇരയായ മുന്‍ കോണ്‍ഗ്രസ് എം പി എഹ്‌സാന്‍ ജാഫ്രിയുടെ ഓര്‍മ്മദിനത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മതനിരപേക്ഷ ഇന്ത്യയുടെ എക്കാലത്തെയും കരുത്തുറ്റ പ്രതീകമാണ് എഹ്‌സാന്‍ ജാഫ്രിയെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. എന്നാല്‍ പതിവുപോലെ എഹ്‌സാന്‍ ജാഫ്രിയുടെ പാര്‍ട്ടിയായ കോണ്‍?ഗ്രസിന്റെ നേതാക്കളോ ഔ?ദ്യോ?ഗിക ഹാന്‍ഡിലുകളോ അദ്ദേഹത്തെ കുറിച്ച് ഒരു കുറിപ്പോ അനുസ്മരണ സന്ദേശമോ പങ്കുവയ്ക്കാതെ മൗനം പാലിച്ചു.
2002 ഫെബ്രുവരി 28 നാണ് അഹമ്മദാബാദിലെ ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ നടന്ന ആക്രമണത്തില്‍ എഹ്‌സാന്‍ ജാഫ്രി ഉള്‍പ്പെടെ 69 പേര്‍ കൊല്ലപ്പെട്ടത്. അക്രമി സംഘം സൊസൈറ്റി വളഞ്ഞപ്പോള്‍ അഭയം തേടിയെത്തിയ അയല്‍വാസികളെ സംരക്ഷിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. സഹായത്തിനായി അധികാരികളെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ലെന്നും കുറിപ്പില്‍ പറയുന്നു. വംശഹത്യാക്കാലത്തെ ന്യൂനപക്ഷ വേട്ടയുടെ നേര്‍ച്ചിത്രമായിരുന്നു ഗുല്‍ബര്‍ഗ് സൊസൈറ്റിയിലെ കൂട്ടക്കൊലയെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.
വംശഹത്യയുടെ ആസൂത്രകര്‍ക്കെതിരെ എഹ്‌സാന്‍ ജാഫ്രിയുടെ ജീവിതപങ്കാളി സാകിയ ജാഫ്രി നടത്തിയ സമാനതകളില്ലാത്ത നിയമപോരാട്ടത്തെയും മുഖ്യമന്ത്രി പ്രകീര്‍ത്തിച്ചു. കഴിഞ്ഞ വര്‍ഷം തന്റെ 86-ാം വയസ്സില്‍ മരണത്തിന് കീഴടങ്ങുന്നത് വരെ ഇരകള്‍ക്ക് നീതി ഉറപ്പാക്കാനായി അവര്‍ പോരാടി. വര്‍ഗീയ വിഭജന രാഷ്ട്രീയത്തിനെതിരെയുള്ള ജനാധിപത്യപരമായ ചെറുത്തുനില്‍പ്പുകള്‍ക്ക് എഹ്‌സാന്‍ ജാഫ്രിയുടെയും സാകിയ ജാഫ്രിയുടെയും ജീവിതം എന്നും പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.